കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള ഉത്തരവ് പഞ്ചായത്തിന് പുതുക്കാമെന്ന് മന്ത്രി

Mail This Article
പാനൂർ (കണ്ണൂർ) ∙ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവു പുതുക്കുന്നതിനുള്ള അവകാശം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കുണ്ടെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. മൊകേരി വള്ള്യായിയിൽ അരുണ്ടകിഴക്കയിൽ ശ്രീധരൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചതിനെത്തുടർന്ന്, ഉദ്യോഗസ്ഥ– ജനപ്രതിനിധി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വന്യമൃഗങ്ങൾമൂലമുള്ള കൃഷിനാശം വിലയിരുത്തി ജില്ലാ കൃഷി ഓഫിസർ ഒരാഴ്ചയ്ക്കകം വനംവകുപ്പിന് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം സംബന്ധിച്ചു നടപടിയെടുക്കും. ശ്രീധരന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ രണ്ടാം ഗഡു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് നൽകും. കുടുംബത്തിൽ ഒരാൾക്കു ജോലി നൽകുന്ന കാര്യത്തിൽ വിദ്യാഭ്യാസ യോഗ്യതകൂടി പരിശോധിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.