ക്ഷേമനിധി പെൻഷൻ വിതരണം അവതാളത്തിലെന്ന് പ്രതിപക്ഷം; സഭയിൽ നിന്നു വോക്കൗട്ട്

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ 31 ക്ഷേമനിധി ബോർഡുകളിൽ പതിനഞ്ചോളം ബോർഡുകൾ ഗുരുതര പ്രതിസന്ധിയിലാണെന്നും പെൻഷൻ വിതരണം അവതാളത്തിലായതു പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
എന്നാൽ, യുഡിഎഫ് സർക്കാർ 5 വർഷം കൊണ്ട് 9,011 കോടി പെൻഷൻ വിതരണം ചെയ്തെങ്കിൽ ഒന്നാം പിണറായി സർക്കാർ 35,000 കോടിയും ഇൗ സർക്കാർ 36,212 കോടിയും നൽകിയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി നൽകി. ക്ഷേമനിധി ബോർഡുകളെ ഏകീകരിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒരു കോടിയിലേറെ തൊഴിലാളികളാണ് വിവിധ ക്ഷേമനിധി ബോർഡുകളിലുള്ളതെന്നും പതിനഞ്ചോളം ബോർഡുകൾ ഗുരുതര പ്രതിസന്ധിയിലും ഏഴോളം ബോർഡുകൾ പൂട്ടലിന്റെ വക്കിലുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 1,392 കോടി രൂപയാണ് കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻ കുടിശിക. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ കുടിശിക 493 കോടി രൂപയാണ്. മൂന്നു ലക്ഷത്തിലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 60 വയസ്സ് പൂർത്തിയായവർക്ക് 6 വർഷമായി അവർ അടച്ച അംശദായം പോലും നൽകിയിട്ടില്ല. 2023 വരെ വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് 4 മാസത്തെ പെൻഷൻ നൽകിയിട്ടില്ല. 35 ലക്ഷം തൊഴിലാളികൾക്ക് അവർ അംശദായം നൽകിയ തുക പോലും മടക്കി നൽകാനാകുന്നില്ല. എന്നിട്ടും പിൻവാതിൽ നിയമനങ്ങൾ നടത്തി ബോർഡുകളുടെ ചെലവ് കൂട്ടുകയാണെന്നും സതീശൻ ആരോപിച്ചു.
ക്ഷേമനിധികളിൽ അംഗങ്ങളായ അടിസ്ഥാന വർഗമാണ് ഇൗ സർക്കാരിനെ അധികാരത്തിൽ എത്തിച്ചതെന്നും അല്ലാതെ ഒയാസിസ് പോലുള്ള കമ്പനികളല്ല എന്ന് ഓർക്കണമെന്നും അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച് എം.വിൻസന്റ് പറഞ്ഞു. 2011 കോടി രൂപ കുടിശികയാണ്. കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധിയിലാണ് ഏറ്റവുമധികം കുടിശിക. വിവാഹ ധനസഹായത്തിന് അപേക്ഷിച്ചാൽ കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ പോലും പണം കിട്ടാത്ത അവസ്ഥയാണ്. തയ്യൽത്തൊഴിലാളി ക്ഷേമനിധിയിൽ 10 വർഷത്തോളമായി ആനുകൂല്യങ്ങൾ മുടങ്ങിക്കിടക്കുകയാണെന്നും വിൻസന്റ് കുറ്റപ്പെടുത്തി.
കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് ഒരു ശതമാനം സെസ് ഏർപ്പെടുത്തിയപ്പോൾ അതിനെ എതിർത്ത പ്രതിപക്ഷം ഇപ്പോൾ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നു മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ കുടിശികയായിരുന്നു. ഇപ്പോഴത്തെ കുടിശിക തീർക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. അതനുസരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
അങ്കണവാടി: 10 കോടി അനുവദിച്ചു
തിരുവനന്തപുരം ∙ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചതിനു പിന്നാലെ അങ്കണവാടി ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യങ്ങൾ നൽകുന്നതിനായി 10 കോടി രൂപ അനുവദിച്ചു. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനാണിത്. ഈ വർഷം ബജറ്റിൽ വകയിരുത്തിയ 9 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു.