നവകേരള എക്സ്പ്രസും പാൻട്രികാറും

Mail This Article
നവകേരള രചനയ്ക്ക് തുടക്കംകുറിച്ചെന്ന് സിപിഎം അവകാശപ്പെടുകയും എംഎൽഎമാർ നിയമസഭയിൽ വാഴ്ത്തിത്തുടങ്ങുകയും ചെയ്ത സംസ്ഥാന സമ്മേളനത്തെ ‘കൊള്ളസംഘക്കാരുടെ സമ്മേളന’മായി രാഹുൽ മാങ്കൂട്ടത്തിൽ വിശേഷിപ്പിച്ചാൽ ഭരണപക്ഷം വെറുതേയിരിക്കുമോ ? ആ ബഹളത്തിനിടയിൽ വിയർത്തുപോയത് താൽക്കാലിക അധ്യക്ഷനായ സി.കെ.ഹരീന്ദ്രനാണ്. അതു മനസ്സിലാക്കിയ സ്പീക്കർ എ.എൻ. ഷംസീറിനു തിരക്കിട്ട് തിരിച്ചെത്തേണ്ടിവന്നു.
സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയതിനു പിറ്റേന്ന് സഭയിൽ അതിന്റെ വാഴ്ത്തുപാട്ടുകൾ മുഴങ്ങാതെ പറ്റില്ലല്ലോ. ചർച്ച തുടങ്ങിവച്ച കെ.വി.സുമേഷ് തന്നെ അതും തുടങ്ങി. 75 വയസ്സ് ആയതിന്റെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നു പടിയിറങ്ങിയ സിഐടിയു നേതാവ് കൂടിയായ പി.നന്ദകുമാറിന് പൊതുമേഖലയെയും സംരക്ഷിക്കണം, സ്വകാര്യ പങ്കാളിത്തത്തിനു വാതിൽ തുറന്ന കൊല്ലം രേഖയെയും സംരക്ഷിക്കണം! കൊല്ലം സമ്മേളനം കൂടി കഴിഞ്ഞതോടെ എൽഡിഎഫ് എന്ന ലോറിക്കു മുന്നിൽ വെറുതേ ബലം പിടിച്ചു നിൽക്കുന്ന തവള തന്നെയാണ് യുഡിഎഫ് എന്നു കെ.ഡി.പ്രസേനൻ ഉറപ്പിച്ചു. പിണറായി തേജോവധം ആട്ടക്കഥ തുടർന്നാൽ തിരിച്ച് വാഴ്ത്തുപാട്ടെങ്കിൽ, വാഴ്ത്തുപാട്ട് എന്നതാണ് ‘കൊല്ലം തീരുമാന’മെന്ന് ഐ.ബി.സതീഷിന്റെ വാക്കുകൾ വ്യക്തമാക്കി.
ഇതോടെയാണ് സമ്മേളനത്തെ അതുവരെ അവഗണിച്ചിരുന്ന പ്രതിപക്ഷം മാങ്കൂട്ടത്തിലിലൂടെ മറുപടി നൽകിയത്. നവകേരള എക്സ്പ്രസ് ആകുന്ന ക്ലിഫ് ഹൗസിന്റെ പാൻട്രികാറായി എകെജി സെന്ററിനെ രാഹുൽ പുച്ഛിച്ചതോടെ ഭരണപക്ഷം കലി കൊണ്ടു. പുതിയ അംഗത്തിന്റെ ആദ്യ പ്രസംഗങ്ങളിലൊന്ന് ഹിറ്റായതിന്റെ ആവേശത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ഇതു ‘ഗുണ്ടായിസം’ ആണെന്ന് ആരോപിച്ച മന്ത്രി എം.ബി.രാജേഷ് പിന്നീട് ആ പ്രയോഗം സ്വമേധയാ പിൻവലിച്ചു. മുൻ സ്പീക്കറായ രാജേഷിനെ പിൻഗാമി എ.എൻ.ഷംസീറിന് അങ്ങനെ അഭിനന്ദിക്കാൻ ഒരു അവസരം കിട്ടി. മാങ്കൂട്ടത്തിലിന്റെ ഈ കടന്നാക്രമണം കഴിഞ്ഞപ്പോൾ, ആദ്യമായി നിയമസഭാംഗമായ വി.പി.സുമോദിന് സഭയിലെ പക്വമതിയായ മുതിർന്ന അംഗമാണ് താൻ എന്നു തോന്നി–‘പുതിയ അംഗത്തിന് ഓറിയന്റേഷൻ ക്ലാസ് കൊടുക്കണം’ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുമരാമത്ത്, റവന്യു, നികുതികൾ ധനാഭ്യർഥന ചർച്ചയിൽ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിനെയും കെ.രാജനെയും കെ.എൻ.ബാലഗോപാലിനെയും അഭിനന്ദിക്കുന്നതിൽ മത്സരിക്കുകയായിരുന്നു ഭരണപക്ഷ എംഎൽഎമാർ. റിയാസിനെപ്പോലെ പ്രതീക്ഷ ഉയർത്തിയ ഒരു മന്ത്രി, പക്ഷേ പ്രതിപക്ഷത്തെ അവഗണിക്കുന്ന പാർട്ടിക്കാരനായി മാറിയെന്ന് സൗമ്യത വിട്ട് സജീവ് ജോസഫ് ആരോപിച്ചു.
സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ കൂടുതൽ ശക്തനായ മുഖ്യമന്ത്രിയെയും കീഴ്പെട്ട സിപിഎമ്മിനെയും ചേർത്തുവച്ച് ടി.വി.ഇബ്രാഹിം ഇങ്ങനെ കുത്തി: പാർട്ടിക്കും തിരുത്താൻ പറ്റാത്ത പാർട്ടിയാണ് മുഖ്യമന്ത്രി! സംസ്ഥാന കമ്മിറ്റി അംഗമായി ഉയർന്നതിന്റെ ഗൗരവത്തോടെ ഡി.കെ.മുരളി, ഡൽഹിയിൽ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസ് ആണെന്ന രാഷ്ട്രീയ വിശകലനത്തിലേർപ്പെട്ടു. ദലീമ ഏറ്റവും മനോഹരമായി ചെയ്യുന്നത് എന്താണോ അതു ചെയ്തു; പാട്ടുകാരിയായി.
ബജറ്റിൽ പ്രഖ്യാപിച്ച ഭൂനികുതി കുറയ്ക്കണമെന്ന് അനൂപ് ജേക്കബും മാണി സി.കാപ്പനും ആവശ്യപ്പെട്ടപ്പോൾ കേരള കോൺഗ്രസുകാരനായ (എം) ജോബ് മൈക്കിളിനും പിടിച്ചുനിൽക്കാനായില്ല. രണ്ടേക്കർ വരെ കൈവശമുള്ളവർക്കെങ്കിലും ഇളവു വേണമെന്നായി അദ്ദേഹം. എൻസിപി സംസ്ഥാന പ്രസിഡന്റായതോടെ തോമസ് കെ.തോമസ് സ്പീക്കർക്ക് ഒരു ജോലി അങ്ങോട്ട് കൊടുത്തു: വികസനത്തിനു വേണ്ടി ആത്മാർഥതയോടെ ശബ്ദിക്കുന്നവരുടെ പേര് എഴുതിവയ്ക്കണം!