പി.ജയരാജന്റെ ‘വളർച്ച’ തടഞ്ഞതിൽ അതൃപ്തി; പി.ജെയുടെ വഴിയടച്ച പാർട്ടി ഇ.പിയെ കൈവിട്ടില്ല

Mail This Article
കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാനലിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ ഉയർത്തിയ വിയോജിപ്പിലൂടെ പി.ജയരാജൻ പ്രകടമാക്കിയത് തന്നെ ബോധപൂർവം തഴഞ്ഞെന്ന കടുത്ത വികാരമാണ്. സംസ്ഥാന കമ്മിറ്റിയിലെ സീനിയർ അംഗങ്ങളിലൊരാളായ പി.ജയരാജനെ സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കാതിരുന്നതു നീതികേടായി കരുതുന്ന അണികളുമേറെ. ജയരാജൻ പരസ്യപ്രതികരണത്തിനു മുതിർന്നില്ല. എന്നാൽ, പുതിയ സംസ്ഥാന നേതൃത്വത്തിനു സമൂഹമാധ്യമത്തിലൂടെ അഭിവാദ്യമർപ്പിക്കാൻ അദ്ദേഹം തയാറായില്ല.
-
Also Read
നവകേരള എക്സ്പ്രസും പാൻട്രികാറും
വിഭാഗീയത അവസാനിച്ചെന്നു പ്രഖ്യാപിച്ചാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്തു സമാപിച്ചത്. മൂന്നാം തുടർഭരണം ആഗ്രഹിച്ച് പാർട്ടി നീങ്ങുമ്പോൾ മുൻനിര നേതാക്കൾക്കിടയിൽ പി.ജയരാജൻ വേണ്ടെന്നാണു തീരുമാനം. നവകേരള കാലത്തിനു ചേർന്നു പാർട്ടിയെ നയിക്കാൻ പ്രാപ്തനല്ലെന്നു കണ്ടെത്തിയതോടെ, സംഘടനയ്ക്കുള്ളിൽ പി.ജയരാജന്റെ വളർച്ചയുടെ വാതിലടഞ്ഞു.
അതേസമയം, ജൂനിയറായ എം.വി.ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി ചേർത്തുപിടിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണു പുതിയ സെക്രട്ടേറിയറ്റ് രൂപീകരണമെന്നാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. പി.ജയരാജന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന സൂചനയാണത്.
പാർട്ടിയെക്കാൾ വലുതാണ് അണികൾക്കു ചിലപ്പോഴെങ്കിലും പി.ജെ. അദ്ദേഹത്തോടുള്ള സ്നേഹവും ആരാധനയും അവർ പലരൂപത്തിൽ പ്രകടിപ്പിക്കാറുമുണ്ട്. വ്യക്തിപൂജയെന്നു വിലയിരുത്തി പാർട്ടി അതിൽ നേരത്തേ നടപടിയെടുത്തിരുന്നു. വ്യക്തികൾക്കു ചുറ്റുമല്ല, പാർട്ടിയിലാണ് ആളുകളെ അണിനിരത്തേണ്ടതെന്ന് പ്രവർത്തനറിപ്പോർട്ടിൽ ഗോവിന്ദൻ ഓർമപ്പെടുത്തിയിട്ടുണ്ട്.
പി.ജയരാജന്റെ ത്യാഗമോ പ്രവർത്തനപാരമ്പര്യമോ പരിഗണിക്കപ്പെട്ടില്ല. പല വിവാദങ്ങളിലും പെട്ടതു കാരണമാക്കി വഴിയടച്ചു. വിവാദങ്ങളുടെ വഴിയിലായിരുന്ന ഇ.പി.ജയരാജനെ കൈവിട്ടുമില്ല.
അതൃപ്തി പ്രകടിപ്പിച്ച് പി.ജയരാജന്റെ മകന്റെ
‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്നു നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്ന എം.സ്വരാജിന്റെ പഴയ സമൂഹമാധ്യമ പോസ്റ്റ് വാട്സാപ് സ്റ്റേറ്റസാക്കി പി.ജയരാജന്റെ മകൻ ജെയിൻ രാജ് അച്ഛൻ തഴയപ്പെട്ടതിലെ അതൃപ്തി പ്രകടമാക്കി.
സംസ്ഥാന കമ്മിറ്റിയിലേക്കു പരിഗണിക്കാത്തതിലെ പ്രതിഷേധമെന്നു തോന്നിക്കുന്ന തരത്തിൽ ചെ ഗവാരയെ ഉദ്ധരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലെ ഏക വനിതാ പ്രതിനിധി എൻ.സുകന്യ സമൂഹമാധ്യമത്തിൽ നടത്തിയ പ്രതികരണം പിന്നീടു മയപ്പെടുത്തി. അതൃപ്തിയില്ലെന്നും ദുർവ്യാഖ്യാനം വേണ്ടെന്നും സുകന്യ മാധ്യമങ്ങളോടു വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം കൂടുതൽ വേണമായിരുന്നെന്നും അഭിപ്രായപ്പെട്ടു.