പ്രചാരണ ബോർഡ്: ചുമത്തിയ പിഴ അടയ്ക്കാതെ സിപിഎം

Mail This Article
കൊല്ലം ∙ സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം നഗരപാതയിൽ വ്യാപകമായ ബോർഡുകളും കൊടി തോരണങ്ങളും കെട്ടിയതിനു കോർപറേഷൻ ചുമത്തിയ പിഴ അടച്ചില്ല. 3.5 ലക്ഷം രൂപ പിഴ ചുമത്തിയാണ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായ സിപിഎം ജില്ലാ സെക്രട്ടറിക്കു കോർപറേഷൻ നോട്ടിസ് നൽകിയിരുന്നത്.
കൊടി തോരണങ്ങളും പരസ്യ ബോർഡുകളും പാതയോരത്ത് സ്ഥാപിക്കുന്നതിന് അനുമതി നൽകണമെന്നും മതിയായ ഫീസ് അടയ്ക്കാമെന്നും കാണിച്ച് നേരത്തേ കോർപറേഷനിൽ അപേക്ഷ നൽകിയിരുന്നു. പ്രസന്ന ഏണസ്റ്റ് മേയർ ആയിരുന്നപ്പോഴാണ് അപേക്ഷ നൽകിയത്.
മേയറും സ്ഥിരം സമിതികളുടെ അധ്യക്ഷരും ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി അപേക്ഷ സംബന്ധിച്ചു ചർച്ച നടത്തിയെങ്കിലും, കോടതി ഉത്തരവ് നിൽക്കുന്നതിനാൽ അനുമതി നൽകാൻ തീരുമാനം എടുത്തിരുന്നില്ല. തുടർന്നാണ് നടപ്പാതയുടെ കൈവരികളിൽ ഉൾപ്പെടെ വ്യാപകമായി കൊടിതോരണങ്ങൾ കെട്ടുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തത്. ഇതു വിവാദമാവുകയും ഒട്ടേറെപ്പേർ ഹൈക്കോടതിക്കു പരാതി അയയ്ക്കുകയും ചെയ്തതോടെയാണ് പിഴ ചുമത്തി നോട്ടിസ് നൽകിയത്. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.