കരുവന്നൂർ ബാങ്ക്: നഷ്ടപ്പെട്ട പണം തിരികെ നൽകാൻ നടപടിയുമായി കോടതി

Mail This Article
കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് വ്യാജ വായ്പ കേസിൽ നിക്ഷേപകർക്കു നഷ്ടപ്പെട്ട പണം തിരികെ നൽകാൻ പിഎംഎൽഎ പ്രത്യേക കോടതി നടപടി തുടങ്ങി. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കിനെ ഏൽപിക്കാൻ തയാറാണെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) അറിയിപ്പിൽ നിലപാട് അറിയിക്കാനാണു കോടതി ബാങ്ക് ഭരണസമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇ.ഡി കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തുവകകൾ ബാങ്കിനു കൈമാറിയാൽ അതേറ്റെടുത്തു നിക്ഷേപകർക്കു നഷ്ടപ്പെട്ട തുക തിരികെ നൽകാൻ കഴിയുമോയെന്ന ചോദ്യത്തിനുള്ള മറുപടി സത്യവാങ്മൂലമായി കോടതിയിൽ ബോധിപ്പിക്കണം. സിപിഎം നേതാക്കളും പാർട്ടിയും പ്രതിസ്ഥാനത്തു നിൽക്കുന്ന കേസിൽ അവരുടെ സ്വത്തുവകകളും കണ്ടുകെട്ടിയ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. പാർട്ടിയുടെ സ്വത്തും ലേലം ചെയ്തു പണം നിക്ഷേപകർക്കു കൈമാറേണ്ട സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്നതാണു കരുവന്നൂർ ബാങ്ക് ഭരണസമിതിയുടെ തലവേദന.