പോക്സോ കേസ് പിൻവലിക്കൽ: അതിജീവിതമാർ അനുകൂലിച്ചാലും കേസ് റദ്ദാക്കാനാവില്ല: ഹൈക്കോടതി

Mail This Article
കൊച്ചി∙കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഉൾപ്പെട്ട ‘പോക്സോ’ പോലെ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ പ്രതിക്ക് അനുകൂലമായി അതിജീവിതമാർ സത്യവാങ്മൂലം നൽകിയതിന്റെ പേരിൽ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ക്ലിനിക്കിൽ പനിയും വയറുവേദനയുമായി ചികിത്സയ്ക്കെത്തിയ പ്ലസ് വൺ വിദ്യാർഥിനിയെ പരിശോധിക്കുന്നതിനിടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചതായി ആരോപിച്ചുള്ള കേസ് റദ്ദാക്കാൻ കോഴിക്കോട് സ്വദേശി ഡോ. പി. വി. നാരായണൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
2016 ജൂലൈയിൽ ചൈൽഡ്‌ലൈൻ കോ ഓർഡിനേറ്റർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നല്ലളം പൊലീസ് കേസെടുത്തത്. മെഡിക്കൽ കോളജിൽ ഉൾപ്പെടെ ഉന്നതപദവി വഹിച്ചിട്ടുള്ള വ്യക്തിയാണു താനെന്നും കുട്ടിക്ക് ഒപ്പമെത്തിയ അയൽവാസി സ്ത്രീയുടെയും മകളുടെയും സാന്നിധ്യത്തിലാണു പരിശോധിച്ചതെന്നും രോഗലക്ഷണങ്ങൾക്ക് അനുസൃതമായ ശരീര പരിശോധനയാണു നടത്തിയതെന്നും ഹർജിക്കാരൻ വാദിച്ചു. കേസ് പിൻവലിക്കുന്നതിനെ അനുകൂലിച്ച് 2024ൽ പെൺകുട്ടി സത്യവാങ്മൂലം നൽകിയിരുന്നു.
കേസിൽ പെൺകുട്ടി ആദ്യം നൽകിയ മൊഴിയും അയൽവാസി സ്ത്രീയുടെ സാക്ഷി മൊഴിയും ഉൾപ്പെടെ പ്രോസിക്യൂഷൻ തെളിവുകൾ പ്രഥമദൃഷ്ട്യാ ശക്തമാണെന്നു കോടതി വിലയിരുത്തി. പെൺകുട്ടി മജിസ്ട്രേട്ടിനു നൽകിയ രഹസ്യ മൊഴിയും വിസ്തരിക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്. ഇത്രയും വൈകിയതിനാൽ കേസ് വിചാരണ വേഗം പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവിലൂടെ വിചാരണ സ്റ്റേ ചെയ്തിരുന്നത് ഒഴിവാക്കി.