ഹൈക്കോടതിയുടെ വിലക്ക്: പരുന്തുംപാറയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല; കുരിശ് സ്ഥാപിച്ച സ്ഥലമുടമയ്ക്ക് എതിരെ കേസ്

Mail This Article
കൊച്ചി ∙ ഇടുക്കി പരുന്തുംപാറയിൽ നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നു റവന്യു, പഞ്ചായത്ത്, പൊലീസ് അധികൃതർ ഉറപ്പാക്കണമെന്നു ഹൈക്കോടതി നിർദേശം നൽകി. റവന്യു വകുപ്പിന്റെ എൻഒസിയും തദ്ദേശഭരണ സ്ഥാപനത്തിന്റെ അനുമതിയും കൂടാതെ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.പരുന്തുംപാറയിലേക്കു നിർമാണ സാമഗ്രികളുമായി ഭാരവാഹനങ്ങൾ വരുന്നത് ജില്ലാ ഭരണകൂടവും പൊലീസും തടയണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പരുന്തുംപാറയിൽ വ്യാപകമായ രീതിയിൽ സർക്കാർ ഭൂമി കയ്യേറിയെന്ന ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. പീരുമേട്, മഞ്ഞുമല വില്ലേജുകളുടെ പരിധിയിൽ വരുന്ന സർക്കാർ ഭൂമിയിൽ കയ്യേറ്റം നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയോടൊപ്പം പരുന്തുംപാറയിലെ പ്രശ്നവും പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ചിന് അനുമതി നൽകി. കേസിൽ പീരുമേട്,വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ കക്ഷി ചേർത്തു.പരുന്തുംപാറയിലെ കയ്യേറ്റക്കാരുടെ പട്ടിക ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. കയ്യേറ്റക്കാരെയും കേസിൽ കക്ഷി ചേർക്കും. വിഷയം നാളെ വീണ്ടും പരിഗണിക്കും.
കുരിശ് സ്ഥാപിച്ച സ്ഥലമുടമയ്ക്ക് എതിരെ കേസ്
പീരുമേട് ∙ ഇടുക്കി കലക്ടറുടെ നിരോധനാജ്ഞ മറികടന്ന് പരുന്തുംപാറയിൽ ബഹുനില മന്ദിരത്തിനു മുന്നിൽ കുരിശു പണിത ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിനെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു. കുരിശ് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് പൊളിച്ചുനീക്കിയിരുന്നു. 3.33 ഏക്കർ സർക്കാർ ഭൂമി മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441ൽ സജിത്ത് കൈവശപ്പെടുത്തിയെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.