ലഹരിക്കേസുകളിലെ അട്ടിമറി: നടപടിക്ക് പൊലീസ്

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു വലിയ അളവിൽ ലഹരിവസ്തുക്കൾ പിടികൂടുന്ന കേസുകൾ അട്ടിമറിക്കപ്പെടുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നത് അന്വേഷിക്കാൻ പൊലീസ് തീരുമാനം. ചെറിയ അളവിൽ ലഹരി പിടികൂടി സ്റ്റേഷനിൽനിന്നു ജാമ്യം നൽകുന്ന കേസുകളിൽ മാത്രമാണു നിലവിൽ ശിക്ഷാനിരക്ക് കൂടുതൽ. വൻതോതിൽ ലഹരിയെത്തിക്കുന്നവരെ പിടികൂടി ശിക്ഷിച്ചാലേ ലഹരിവിതരണശൃംഖല തകർക്കാനാകൂ എന്നു തിരിച്ചറിഞ്ഞാണു പൊലീസ് നടപടിക്കൊരുങ്ങുന്നത്.
ചെറിയ തോതിൽ ലഹരി പിടികൂടുന്ന കേസുകളിൽ ശിക്ഷാനിരക്ക് 98% ആണ്. ഇത് 99.5% ആയി ഉയർത്താനാണു പൊലീസ് ശ്രമം. ഇത്തരം കേസുകളിൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും പിന്നീടു കോടതിയിൽ 800 രൂപ പിഴയടച്ചു പോകുകയും ചെയ്യുന്നു. ഇതെല്ലാം ശിക്ഷയായിട്ടാണു കണക്കാക്കുക. ഇടത്തരം തോതിലും വൻതോതിലും ലഹരി പിടികൂടുന്ന സംഭവങ്ങളിൽ സാക്ഷികളെ കൂറുമാറ്റുന്നതും കോടതിയിൽ തെളിവുകളുടെ അഭാവവും ഉണ്ടാകുന്നതോടെ കേസുകൾ അട്ടിമറിക്കപ്പെടുന്നു. ലഹരിവസ്തുക്കൾ വിൽപനയ്ക്കെത്തിച്ച കമേഴ്സ്യൽ കേസുകളിൽ ശിക്ഷാനിരക്ക് 80% വരെയാണ്. ഇൗ കേസുകളിലെ പ്രതികളാണ് വൻകിട ലഹരിമാഫിയയുടെ കണ്ണികൾ.

ഇവർക്കായി വാദിക്കാൻ വിലയേറിയ അഭിഭാഷകരെ രംഗത്തിറക്കുന്നു. കേസുകൾ ഉദ്യോഗസ്ഥതലത്തിൽ അട്ടിമറിക്കാനും വൻ നീക്കം നടത്തുന്നു. കഴിഞ്ഞവർഷം മുതൽ കോടതികൾ ജാഗ്രത പുലർത്തിയതോടെയാണ് അൽപമെങ്കിലും ശിക്ഷാനിരക്ക് ഉയർന്നത്. ലഹരിക്കേസ് അട്ടിമറി തടയാൻ ജില്ലകളിൽ പൊലീസിന്റെ പ്രോസിക്യൂഷൻ വിഭാഗം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. എസ്ഐയും 4 സിവിൽ പൊലീസ് ഓഫിസർമാരും ഉൾപ്പെടുന്നതാണ് ജില്ലയിലെ പൊലീസിലെ പ്രോസിക്യൂഷൻ വിഭാഗം. വൻ സന്നാഹവുമായി എത്തുന്ന രാജ്യാന്തര ലഹരി മാഫിയയുടെ മുന്നിൽ ഇവർക്കും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. അതുകൊണ്ട് ഇൗ വിഭാഗത്തിൽ നിയമവിദ്യാഭ്യാസമുള്ള പൊലീസുകാരെ നിയോഗിക്കും.