‘തെറ്റുപറ്റി, തിരുത്തി; പക്ഷേ പറഞ്ഞ കാര്യം ശരി’യെന്ന് എ.പത്മകുമാർ

Mail This Article
പത്തനംതിട്ട ∙ പരസ്യ പ്രതികരണത്തിൽ തെറ്റുപറ്റിയെന്നും അതു ബോധ്യപ്പെട്ടപ്പോൾ തിരുത്തിയെന്നും നിലപാട് മയപ്പെടുത്തി സിപിഎം നേതാവ് എ.പത്മകുമാർ. എന്നാൽ പറഞ്ഞ കാര്യം ശരിയാണ്. അതിൽ നടപടിയെടുക്കാം. ഇന്നു നടക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമെന്നും പാർട്ടിക്ക് വിധേയനാണെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിനെതിരെയുള്ള പ്രതിഷേധം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ‘കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ പരസ്യമായി പറയാൻ പാടില്ലായിരുന്നെന്ന് മറ്റാരെക്കാളും നന്നായി അറിയാം. വികാരപരമായ നിലപാടായിരുന്നു അത്. ചെയ്ത തെറ്റിൽ പാർട്ടി എന്തു നിലപാടു സ്വീകരിച്ചാലും ഉൾക്കൊള്ളും.
തെറ്റുതിരുത്തി മുന്നോട്ടു പോയവർ പാർട്ടിയിലുണ്ട്. അര നൂറ്റാണ്ടിനിടെ പാർട്ടിയിൽ 2 തവണ താക്കീത് എന്ന രീതിയിൽ മാത്രമാണു തനിക്കെതിരെ നടപടിയുണ്ടായിട്ടുള്ളൂ’ – പത്മകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം കാണാനെത്തിയ ബിജെപി നേതാക്കൾ തന്റെ പേരിൽ പ്രശസ്തരാകാനാണ് ശ്രമിച്ചത്. എസ്ഡിപിഐയിൽ പോയാലും ബിജെപിയിൽ പോകില്ല. താൻ രാഷ്ട്രീയ ഭിക്ഷാംദേഹിയല്ല. പി.വി.അൻവർ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്നു നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുത്താൽ മാത്രമേ വിഷയം ചർച്ച ചെയ്യാൻ സാധ്യതയുള്ളൂ.