ആയുഷ്മാൻ ആരോഗ്യ മന്ദിർ: ബ്രാൻഡിങ് നടത്തിയിട്ടും 636.88 കോടി തടഞ്ഞു

Mail This Article
തിരുവനന്തപുരം ∙ ആരോഗ്യ കേന്ദ്രങ്ങളുടെ ബ്രാൻഡിങ് നടത്തിയെന്നു കേരളം ഔദ്യോഗികമായി കത്തു നൽകിയിട്ടും ആശാവർക്കർമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ ദേശീയ ആരോഗ്യ മിഷനായി (എൻഎച്ച്എം) കേരളത്തിനു നൽകേണ്ട 2023– 24 വർഷത്തെ തുക കേന്ദ്രം തടഞ്ഞുവച്ചു. വിനിയോഗ സർട്ടിഫിക്കറ്റ് (യുസി) നൽകാത്തതിനാലാണ് 636.88 കോടി രൂപ കൊടുക്കാതിരുന്നത് എന്നാണു ചൊവ്വാഴ്ച കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡ പാർലമെന്റിൽ പറഞ്ഞത്. യുസി നൽകിയിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിലും വാദിച്ചിരുന്നു. പിന്നാലെ സർക്കാർ യുസി പുറത്തുവിട്ടു. അപ്പോഴാണ് ബ്രാൻഡിങ് നടത്താത്തതാണു ഫണ്ട് തടയാൻ കാരണമായതെന്ന ആരോപണം ഉയർന്നത്.
സംസ്ഥാനത്തെ ആറായിരത്തിലേറെയുള്ള ജനകീയ, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ബ്രാൻഡിങ് നടത്തണമെന്ന് 2018 മുതൽ കേന്ദ്രം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്നു ബോർഡ് വയ്ക്കണമെന്നായിരുന്നു നിബന്ധന. ബ്രാൻഡിങ് നടത്തിയില്ലെങ്കിൽ എൻഎച്ച്എമ്മിന്റെ ഫണ്ട് നൽകില്ലെന്ന് 2023 ജനുവരിയിൽ പ്രഖ്യാപിച്ചു. നിലവിലെ മലയാളം പേരുകൾ മാറ്റാൻ പറ്റില്ലെന്നായിരുന്നു കേരളത്തിന്റെ ആദ്യ നിലപാട്. തമിഴ്നാട്, ആന്ധ്ര, പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളും ഇതേ അഭിപ്രായം പങ്കുവച്ചു. 2023 മാർച്ചിൽ 189.14 കോടി രൂപ അനുവദിച്ച കേന്ദ്രം ബ്രാൻഡിങ് നടത്താതെ ബാക്കി പണം തരില്ലെന്ന് അതേവർഷം ജൂണിൽ നിലപാടെടുത്തു. തുടർന്നാണു കേരളം വഴങ്ങിയത്. അങ്ങനെ ജൂലൈയിൽ ആരംഭിച്ചെങ്കിലും 2024 ഫെബ്രുവരിയിൽ പുതിയ ബ്രാൻഡ് നാമം നടപ്പാക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു. ഇതോടെ കേരളവും കേന്ദ്രവും തർക്കത്തിലായി. ഫണ്ട് തരില്ലെന്ന വാശി തുടർന്നതോടെ കേന്ദ്രത്തിന്റെ ശാഠ്യത്തിനു മുന്നിൽ 2024 ജൂണിൽ കേരളം വഴങ്ങി.