ചോറ്റാനിക്കരയമ്മയ്ക്കു മുന്നിൽ ഭക്തസഹസ്രങ്ങൾ മകം തൊഴുതു

Mail This Article
ചോറ്റാനിക്കര ∙ സർവാഭരണ വിഭൂഷിതയായി നെയ് വിളക്കിന്റെ സുവർണകാന്തിയിൽ അഭയവരദ മുദ്രകളോടെ ദർശനമേകിയ ചോറ്റാനിക്കരയമ്മയ്ക്കു മുന്നിൽ ഭക്തസഹസ്രങ്ങൾ മകം തൊഴുതു. വിശേഷാൽ തങ്ക ഗോളകയും ആടയാഭരണങ്ങളും രത്നകിരീടവും പട്ടുടയാടകളും അണിഞ്ഞുള്ള ചോറ്റാനിക്കരയമ്മയുടെ ദേവീരൂപം ഭക്തർക്ക് ദർശന പുണ്യമായി. താമരപ്പൂ മാല ചാർത്തി നെയ്‌വിളക്ക് തെളിച്ച് ദീപാരാധനയോടെ ഉച്ചയ്ക്ക് 2നു തന്ത്രിമാരായ എളവള്ളി പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാടും പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാടും മകം തൊഴലിനായി നട തുറന്നു.
പിന്നാലെ തലേന്നു മുതൽ ക്ഷേത്രത്തിനു പുറത്ത് ക്യൂവിൽ കാത്തുനിന്ന ഭക്തർ പടിഞ്ഞാറേ നടയിലൂടെയും വടക്കേ നടയിലൂടെയും പ്രത്യേകം തയാറാക്കിയ ബാരിക്കേഡിനുള്ളിലൂടെ അമ്മേ നാരായണ മന്ത്രങ്ങളുമായി ദർശനത്തിനായി ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിച്ചു. കീഴ്ക്കാവ് പരിസരത്തും ആയിരങ്ങൾ ശരണമന്ത്രങ്ങളോടെ കൈകൾ കൂപ്പി ദേവിയെ തൊഴുതു. വില്വമംഗലം സ്വാമിക്കു ദേവി വിശ്വരൂപ ദർശനം നൽകിയ പുണ്യദിനം അനുസ്മരിച്ചാണു ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴൽ അനുഷ്ഠിക്കുന്നത്. രാവിലെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടോടെയാണു മകം ചടങ്ങുകൾക്കു തുടക്കമായത്.