പത്മകുമാറിനെതിരായ നടപടി; സിപിഎം സെക്രട്ടേറിയറ്റ് നാളെ

Mail This Article
പത്തനംതിട്ട ∙ മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാക്കിയതിനെതിരെ പരസ്യ വിമർശനമുന്നയിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എ.പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. നാളെ നടക്കുന്ന സെക്രട്ടേറിയറ്റിലെ തീരുമാനം അംഗങ്ങളിലൊരാൾ ജില്ലയിലെത്തി റിപ്പോർട്ട് ചെയ്യാനാണു സാധ്യത. ജില്ലാ നേതൃതല ചർച്ച അപ്പോൾ മാത്രമാകും നടക്കുക. ഇന്നലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഈ വിഷയം ചർച്ചയ്ക്കു വന്നില്ല. എ.പത്മകുമാർ ഇന്നലത്തെ യോഗത്തിൽ മുഴുവൻ സമയവും പങ്കെടുത്തു.
സംസ്ഥാന സമ്മേളനത്തിലെ തീരുമാനത്തിനെതിരെ നടത്തിയ പരസ്യ വിമർശനമായതിനാലാണ് സംസ്ഥാന ഘടകം തന്നെ അതു പരിഗണിക്കുക. വിവരങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. പരസ്യ വിമർശനം വികാരപരമായിരുന്നെന്നും അതു തിരുത്തിയെന്നും പത്മകുമാർ വിശദീകരിച്ചിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന അഭിപ്രായമാണ് ഒരു വിഭാഗം ഉയർത്തുന്നത്. പറഞ്ഞ കാര്യത്തിൽ മാറ്റമില്ലെന്നും പരസ്യമായി പറഞ്ഞതിൽ മാത്രമാണു പിഴവെന്നുമാണ് പത്മകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. സംഘടനാ പ്രവർത്തനമാകണം പാർട്ടി മേൽഘടകങ്ങളിലേക്കുള്ള സ്ഥാനക്കയറ്റത്തിനു മാനദണ്ഡമാകേണ്ടതെന്ന വാദമാണ് പത്മകുമാർ ഉയർത്തിയത്.