കേന്ദ്രരേഖകളിന്മേൽ ഇന്ന് സിപിഎം ചർച്ച

Mail This Article
തിരുവനന്തപുരം∙ കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയുടെ എകെജി സെന്ററിലെ ആദ്യയോഗം ഇന്ന്. പുതിയ സെക്രട്ടേറിയറ്റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കാനായി കൊല്ലത്തു ചേർന്ന ശേഷം പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗമാണ് ഇന്നത്തേത്. മധുരയിൽ ഏപ്രിൽ ആദ്യം നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം, പ്രവർത്തന റിപ്പോർട്ട് എന്നിവ ചർച്ച ചെയ്യാൻ വേണ്ടിയാണ് ഇന്നത്തെ യോഗം.
പാർട്ടിയുടെ എല്ലാ ഘടകങ്ങളും ഈ റിപ്പോർട്ടുകളിന്മേൽ അഭിപ്രായം രേഖപ്പെടുത്തുന്നതാണ് സിപിഎമ്മിലെ രീതി. ഇതു പ്രകാരം കേരള സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം സ്വരൂപിക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ അജൻഡ. സാധാരണ, കരട് രാഷ്ട്രീയ പ്രമേയം മാത്രമാണ് താഴെത്തട്ടിൽ ചർച്ച ചെയ്യുന്നത്. എന്നാൽ ഇത്തവണ ആദ്യമായി ഇക്കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് കൂടി താഴേക്കു കൈമാറാൻ പാർട്ടി മുതിർന്നു. കരട് രാഷ്ട്രീയ പ്രമേയത്തിലെ നവഫാഷിസ പ്രയോഗം, കോൺഗ്രസുമായി ബന്ധം തുടങ്ങിയവയുടെ കാര്യത്തിൽ ഇവിടെ ഉയരുന്ന ചർച്ചകൾ ശ്രദ്ധിക്കപ്പെടും.
സംസ്ഥാന കമ്മിറ്റിയിലേക്കു മന്ത്രി വീണാ ജോർജിനെ ക്ഷണിതാവാക്കിയതിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാർ ഉയർത്തിയ കലാപക്കൊടി അവഗണിക്കുന്ന സൂചനയാണ് സംസ്ഥാന നേതൃത്വം നൽകുന്നത്. അച്ചടക്കലംഘനത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടപടി വേണോ എന്ന കാര്യത്തിൽ ധാരണയായിട്ടില്ല. കേന്ദ്ര രേഖകൾ ചർച്ച ചെയ്യുന്ന ഈ യോഗം ഇക്കാര്യം ചർച്ച ചെയ്യാനുള്ള സാധ്യത കുറവാണെന്നു നേതാക്കൾ പറഞ്ഞു.