പെൺമക്കളുമായി യുവതി ജീവനൊടുക്കിയ സംഭവം: ഭർത്താവിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും

Mail This Article
ഏറ്റുമാനൂർ ∙ നഴ്സായ യുവതിയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് നോബി ലൂക്കോസിന്റെ (44) കസ്റ്റഡി കാലാവധി ഇന്നു തീരും. 3 ദിവസത്തേക്കാണു നോബിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്നു വൈകിട്ട് 4നു നോബിയെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും. നോബി കഴിഞ്ഞ ദിവസം നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.മക്കളായ അലീന (11), ഇവാന (10) എന്നിവരെയും കൂട്ടി നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി (44) കഴിഞ്ഞ 28നു പുലർച്ചെയാണു ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയത്. ഭർത്താവിന്റെ മാനസികപീഡനത്തെ തുടർന്നാണ് ഷൈനിയും മക്കളും ജീവനൊടുക്കിയതെന്നു ചൂണ്ടിക്കാട്ടി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണു നോബിയുടെ അറസ്റ്റ്.
ഒന്നും മിണ്ടാതെ നോബി
മൂവരും ജീവനൊടുക്കിയ ദിവസം പുലർച്ചെ നോബി ഭാര്യയ്ക്ക് വാട്സാപ് സന്ദേശം അയച്ചിരുന്നുവെന്നും തുടർന്നാണു ഷൈനി മക്കളുമായി ജീവനൊടുക്കിയതെന്നുമാണു പൊലീസ് നിഗമനം. എന്ത് സന്ദേശമാണ് അയച്ചതെന്നു നോബി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലിരിക്കെ പലതവണ ചോദിച്ചിട്ടും സന്ദേശമെന്താണെന്നു വെളിപ്പെടുത്താതെ, അലസനായി, ഒന്നും പ്രതികരിക്കാതെ നിൽക്കുകയാണു നോബിയെന്ന് പൊലീസ് പറയുന്നു.