റോഡ് നിർമാണത്തിന്റെ മറവിൽ കോടികളുടെ കരിങ്കൽ ഖനനം; 2 വർഷം മുൻപത്തെ വൻതട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്

Mail This Article
തൊടുപുഴ ∙ റോഡ് പണിക്കായി ഗതാഗതം തടസ്സപ്പെടുത്തി അധികൃതരുടെ ഒത്താശയോടെ കോടിക്കണക്കിനു രൂപയുടെ കരിങ്കൽ അനധികൃതമായി ഖനനം ചെയ്തെടുത്തു. റവന്യു വിഭാഗം സ്റ്റോപ് മെമ്മോ കൊടുത്തശേഷവും ഖനനം തുടർന്നതായും ആരോപണം. ഇടുക്കി ജില്ലയിലെ മുണ്ടിയെരുമ – ഉടുമ്പൻചോല റോഡിന്റെ നിർമാണത്തോടനുബന്ധിച്ചാണു കരിങ്കൽക്കൊള്ള നടന്നത്.2023 ഫെബ്രുവരിയിൽ ചതുരംഗപ്പാറ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു മുണ്ടിയെരുമ–ഉടുമ്പൻചോല റോഡിൽ പാപ്പൻപാറ താവളം – ബോജൻ കമ്പനി ഭാഗത്ത് അനധികൃത കരിങ്കൽ ഖനനം കണ്ടെത്തിയത്. 2 മാസത്തിനു ശേഷം സ്റ്റോപ് മെമ്മോ നൽകി.
ജൂലൈയിൽ ജില്ലാ ജിയോളജിസ്റ്റ് നടത്തിയ പരിശോധനയിൽ ഖനനം ശ്രദ്ധയിൽപെട്ടതോടെ റവന്യു അധികൃതരോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതേ വർഷം ഡിസംബറിൽ ജിയോളജിസ്റ്റ് നടത്തിയ പരിശോധനയിൽ വീണ്ടും തട്ടിപ്പ് കണ്ടെത്തി. സ്റ്റോപ് മെമ്മോ നൽകുമ്പോൾ 4424.2 ക്യുബിക് മീറ്റർ മാത്രമായിരുന്ന ഖനനം ഡിസംബറിൽ 16,640 ക്യുബിക് മീറ്ററായി ഉയർന്നെന്നായിരുന്നു കണ്ടെത്തൽ.
പിഴയിട്ടെങ്കിലും അടച്ചില്ല
∙ ഖനനവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിക്ക് 11.23 ലക്ഷം രൂപ പിഴ വിധിച്ചെങ്കിലും ഇതുവരെ അടച്ചിട്ടില്ല. മറ്റൊരു കോട്ടയം സ്വദേശിയുടെ പേരിൽ കേസെടുത്തിട്ടുമുണ്ട്. ഇവരുടെ കൂടുതൽ വിവരങ്ങൾ, ഖനനം നടന്ന പ്രദേശത്തിന്റെ വിവരങ്ങൾ, അനധികൃതമായി ഖനനം ചെയ്തെടുത്ത പാറയുടെ അളവ്, മൂല്യം തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ഓഗസ്റ്റിൽ ഉടുമ്പൻചോല തഹസിൽദാർക്ക് കത്തയച്ചെങ്കിലും ഇതുവരെ വിവരങ്ങൾ കൈമാറിയിട്ടില്ല.