മരുന്നുമാറി ഗുരുതരാവസ്ഥയിലായ കുഞ്ഞ് സുഖംപ്രാപിക്കുന്നു

Mail This Article
കണ്ണൂർ ∙ ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽ നിന്നു മാറിനൽകിയ മരുന്ന് കഴിച്ചു ഗുരുതരാവസ്ഥയിലായ, ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞ് ആരോഗ്യം വീണ്ടെടുത്തുതുടങ്ങി. ലിവർ എൻസൈമുകൾ സാധാരണനിലയിലേക്കു വന്നെന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോ. എം.കെ.നന്ദകുമാർ പറഞ്ഞു. പനിയെത്തുടർന്ന് ശനിയാഴ്ചയാണ് കുഞ്ഞിനെ പഴയങ്ങാടിയിലെ ക്ലിനിക്കിൽ കാണിച്ചത്. ഡോക്ടർ എഴുതിയ സിറപ്പിനു പകരം പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിൽനിന്നു നൽകിയത് അതേ ബ്രാൻഡിന്റെ ഡ്രോപ്സാണ്.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച രണ്ടുനേരവും 5 മില്ലിലീറ്റർ വീതമാണ് നൽകിയത്. മരുന്ന് വേഗം തീർന്നതോടെ സംശയം തോന്നി. ഡോക്ടറെ വീണ്ടും കാണാൻ ചെന്നപ്പോഴാണു മരുന്ന് മാറിയെന്നും കൂടുതൽ അളവിൽ മരുന്ന് ഉള്ളിൽ ചെന്നിട്ടുണ്ടെന്നും അറിഞ്ഞത്. അപ്പോൾത്തന്നെ നടത്തിയ പരിശോധനയിൽ ലിവർ എൻസൈമുകൾ കൂടിയിട്ടുണ്ടെന്നു പറഞ്ഞു. ഉടൻ മിംസിലേക്കു കൊണ്ടുവന്നു. ലിവർ എൻസൈമുകളുടെ അളവ് ക്രമാതീതമായി ഉയർന്നതിനാൽ കരൾ മാറ്റിവയ്ക്കേണ്ട അവസ്ഥയായിരുന്നുവെന്ന് കുഞ്ഞിന്റെ പിതാവ് ഇ.പി.സമീർ പറയുന്നു. മെഡിക്കൽ ഷോപ്പിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇത്രയും വ്യത്യാസമോ?
പാരസെറ്റാമോൾ ഡ്രോപ്സിന്റെ ഒരു മില്ലിലീറ്ററിൽ 100 മില്ലിഗ്രാം പാരസെറ്റാമോളുണ്ടാകും. അതേസമയം, സിറപ്പിൽ പാരസെറ്റാമോൾ പല അളവിലാകും. കുഞ്ഞിനു നൽകാൻ പറഞ്ഞത് 120 മില്ലിഗ്രാം സിറപ്പാണ്. അഞ്ച് മില്ലിലീറ്ററിലാണ് 120 മില്ലിഗ്രാം പാരസെറ്റാമോളുണ്ടാകുക. മരുന്ന് മാറിയതറിയാതെ കുഞ്ഞിന് അഞ്ച് മില്ലിലീറ്റർ ഡ്രോപ്സാണു നൽകിയത്.