കടൽമണൽ ഖനനം: മത്സ്യത്തൊഴിലാളി പാർലമെന്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി

Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതിക്കെതിരെ കേരളത്തിലെ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളുടെ ഏകോപന സമിതി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. കടലാക്രമണം ഉൾപ്പെടെ പലതരം ഭീഷണികളുടെ നടുവിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വേട്ടയാടുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കുന്ന പദ്ധതികളാണ് കേന്ദ്രസർക്കാരിന്റേതെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ പറഞ്ഞു. ജനദ്രോഹ പദ്ധതിയിൽ നിന്നു പിന്മാറുന്നതുവരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നു മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നതുൾപ്പെടെ പരിഗണനയിലുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
എംപിമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ.മാണി, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ഇ.ടി.മുഹമ്മദ് ബഷീർ, ശശി തരൂർ, ജോൺ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ, ഹൈബി ഈഡൻ, അബ്ദുൽ സമദ് സമദാനി, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, പി.പി.സുനീർ, ഷാഫി പറമ്പിൽ, വി.ശിവദാസൻ, എ.എ.റഹീം, അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ എന്നിവർ പ്രസംഗിച്ചു. കേരള ഹൗസ് പരിസരത്തു നിന്നു ജന്തർ മന്തറിലേക്കു നടത്തിയ മാർച്ചിന് ഏകോപന സമിതി ചെയർമാൻ ടി.എൻ.പ്രതാപൻ, കൺവീനർ പി.പി.ചിത്തരഞ്ജൻ എംഎൽഎ, ടി.ജെ.ആഞ്ചലോസ്, വിവിധ സംഘടനാ നേതാക്കളായ ജി.ലീലാകൃഷ്ണൻ, എം.മനോഹരൻ, അനിൽ കളത്തിൽ, ടി.ആർ.രഘുവരൻ, ഉമർ ഒട്ടുമൽ, ചാൾസ് ജോർജ്, പീറ്റർ മത്യാസ്, പനത്തുറ ബൈജു, ജാക്സൺ പൊള്ളയിൽ എന്നിവർ നേതൃത്വം നൽകി.