മുട്ടിൽ മരംമുറി: സമൻസിന് വാർഷികം; ഹാജരാകാതെ മുഖ്യപ്രതികൾ

Mail This Article
കൽപറ്റ ∙ മുട്ടിൽ മരംമുറി കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി ഒരു വർഷം പൂർത്തിയാകുമ്പോഴും കോടതിയിൽ നേരിട്ടു ഹാജരാകാതെ മുഖ്യപ്രതികൾ. കേസിലെ ആദ്യ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ 2024ൽ മാർച്ച് 13നാണു ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രധാന പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുൾപ്പെടെ 8 പേർക്ക് സമൻസ് അയയ്ക്കുന്നത്. തുടർന്ന് 2024 ഡിസംബർ 19 വരെ 5 തവണ കേസ് അവധിക്കു വച്ചു. എന്നാൽ, കേസിലെ ഏഴാം പ്രതിയായ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസർ ഒഴികെ ആരും ഇതുവരെ കോടതിയിൽ നേരിട്ടു ഹാജരായില്ല.
ഇപ്പോഴും ജാമ്യത്തിൽ തുടരുന്ന പ്രതികളുടെ അഭിഭാഷകർ മാത്രം തുടർച്ചയായി കോടതിയിൽ എത്തുന്ന സാഹചര്യം ഉന്നയിക്കാൻ സ്പെഷൽ പ്രോസിക്യൂട്ടറും ഇല്ലെന്നതാണു നിലവിലെ സ്ഥിതി.തങ്ങൾ തയാറാക്കിയ കുറ്റപത്രം ദുർബലമാണെന്നും തുടരന്വേഷണം വേണമെന്നും വാദമുയർത്തിയ സ്പെഷൽ പ്രോസിക്യൂട്ടർ ജോസഫ് മാത്യുവിനെ മാറ്റണമെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണസംഘം. വ്യക്തതയാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും എഡിജിപിക്കും കത്ത് എഴുതിയെങ്കിലും തന്നെ നീക്കം ചെയ്തതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണു ജോസഫ് മാത്യു പറയുന്നത്. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതായുള്ള സർക്കാർ ഉത്തരവും ഇറങ്ങിയില്ല.മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് റജിസ്റ്റർ ചെയ്ത കേസുകളും കഴിഞ്ഞ 4 വർഷമായി ഇഴഞ്ഞുനീങ്ങുകയാണ്. വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള 15 കോടി രൂപ വിലമതിക്കുന്ന മരത്തടികളെല്ലാം കുപ്പാടി ഡിപ്പോയിൽ കെട്ടിക്കിടന്നു നശിക്കുന്നു.