ADVERTISEMENT

തിരുവനന്തപുരം ∙ ഭരണാധികാരികളുടെ കനിവു തേടി സെക്രട്ടേറിയറ്റിനു മുന്നിൽ 32 ദിവസമായി സമരം ചെയ്യുന്ന ആശാ വർക്കർമാരും ആറ്റുകാൽ പൊങ്കാലയിട്ടു. സമരത്തിൽ പങ്കെടുക്കുന്നവരിൽ നൂറോളം പേരാണ് സമരവേദിയിൽ തന്നെ ഭക്തിപൂർവം പൊങ്കാലയിട്ടത്. മറ്റുള്ളവരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇത് പ്രതിഷേധ പൊങ്കാലയല്ലെന്നും മനമുരുകി കണ്ണീരോടെയാണു ദേവിക്കു മുന്നിൽ പൊങ്കാലയിടുന്നതെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൺമുന്നിലാണ് തങ്ങൾ പാവപ്പെട്ട കുറെ സ്ത്രീകൾ 32 ദിവസമായി വെയിലും മഴയും സഹിച്ച് ന്യായമായ അവകാശത്തിനായി സമരം ചെയ്യുന്നത്. എന്നിട്ടും തങ്ങളെ കാണാനോ കേൾക്കാനോ വിഷമങ്ങൾ മനസ്സിലാക്കാനോ അവർക്ക് കനിവുണ്ടാകുന്നില്ല. അതുണ്ടാകണമെന്ന് ആറ്റുകാലമ്മയോട് പ്രാർഥിച്ചാണ് പൊങ്കാലയിട്ടതെന്നും ആശമാർ പറഞ്ഞു.

രാവിലെ പൊങ്കാലയ്ക്കു മുൻപ് കെ.കെ.രമ എംഎൽഎ എത്തി പിന്തുണ അറിയിച്ചു. പതിനൊന്നോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീണ്ടും ഇവിടെയെത്തി. ആശമാരുടെ വിഷയത്തിൽ വീണ്ടും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയായിരുന്നു പ്രതികരണം. മിനിയാന്ന് ഇവിടെയെത്തിയ അദ്ദേഹം പൊങ്കാലയിടാനുള്ള സാധനങ്ങളുടെ നൂറോളം കിറ്റുകൾ എത്തിച്ചിരുന്നു. പിന്നാലെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും ഇവിടെയെത്തി. കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാർ ഉൾപ്പെടെയുള്ളവരും ആശമാരെ സന്ദർശിച്ചു.  സമരത്തിനു പിന്തുണയുമായി ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരും ഇവിടെ പൊങ്കാലയിട്ടു.

ഒത്തുതീർപ്പ് നീക്കം ഇന്നറിയാം

∙ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ വർക്കർമാർ നടത്തുന്ന സമരംഒത്തുതീർപ്പാക്കാൻ സർക്കാർ നീക്കം നടത്തുമോയെന്ന് ഇന്നു വ്യക്തമായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു തിരുവനന്തപുരത്ത് ഉണ്ടാകും. ഡൽഹിയിലായിരുന്ന പിണറായിയെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിളിച്ചിരുന്നു. സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നായിരുന്നു സതീശന്റെ അഭ്യർഥന. അതിനോട് അനുകൂലമായാണു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ചർച്ചകളെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

English Summary:

ASHA Workers' Tearful Pongala: A desperate plea for fair wages

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com