പിൻവലിക്കുമെന്നു പ്രഖ്യാപിച്ച പങ്കാളിത്ത പെൻഷന്റെ പേരിൽ വീണ്ടും കടമെടുപ്പ്

Mail This Article
തിരുവനന്തപുരം∙ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നു കഴിഞ്ഞ 2 ബജറ്റുകളിലും പ്രഖ്യാപിച്ചെങ്കിലും ഇൗ പദ്ധതി തുടരുമെന്നു സത്യവാങ്മൂലം നൽകി വീണ്ടും സർക്കാർ വായ്പയെടുക്കുന്നു. 2,000 കോടിയോളം രൂപയാണ് കേന്ദ്ര സർക്കാരിനു സത്യവാങ്മൂലം നൽകി വായ്പയെടുക്കുന്നത്. ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% തുക ജീവനക്കാരും 10% സർക്കാരുമാണ് പെൻഷൻ ഫണ്ടിലേക്കു നിക്ഷേപിക്കുന്നത്. ഇങ്ങനെ സർക്കാർ ഓരോ വർഷവും അടയ്ക്കുന്ന വിഹിതമാണ് അടുത്ത വർഷം സർക്കാരിനു കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നത്. എന്നാൽ, ഇതിന് പെൻഷൻ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നു എന്ന സത്യവാങ്മൂലം ഓരോ വർഷവും ധനസെക്രട്ടറി കേന്ദ്രത്തിനു സമർപ്പിക്കണം. ഇക്കുറിയും ഇൗയിനത്തിൽ സർക്കാർ കടമെടുപ്പ് വേണ്ടെന്നു വച്ചിട്ടില്ല.
കഴിഞ്ഞ 3 വർഷമായി സംസ്ഥാന സർക്കാർ ഇൗയിനത്തിൽ 5,721 കോടി രൂപയാണു വായ്പയെടുത്തത്. പദ്ധതി തുടരുമെന്ന ഉറപ്പിൻമേൽ കടമെടുപ്പ് തുടരുന്നുണ്ടെങ്കിലും കേന്ദ്രവും ഒട്ടേറെ സംസ്ഥാനങ്ങളും നടപ്പാക്കിയതു പോലെ ഉയർന്ന വിഹിതം പെൻഷൻ ഫണ്ടിലേക്കു നിക്ഷേപിക്കാൻ ഇതുവരെ സർക്കാർ തയാറായിട്ടുമില്ല. പകരമൊരു പദ്ധതിയെക്കുറിച്ചു പഠിക്കാൻ ധനമന്ത്രിയും നിയമമന്ത്രിയും ചീഫ് സെക്രട്ടറിയും അംഗങ്ങളായ സമിതിയെ നിയമിച്ചെങ്കിലും ഇതുവരെ ഇവർ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. പങ്കാളിത്ത പെൻഷൻ പിൻവലിച്ചാൽ ഇതുവരെ ജീവനക്കാർ നിക്ഷേപിച്ച പണം തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത തേടി കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ച ശേഷമേ മുന്നോട്ടു പോകാനാകൂ എന്നുമാണ് ഇതിനു ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ആകെയുള്ള അഞ്ചേകാൽ ലക്ഷം ജീവനക്കാരിൽ 1.98 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലാണ്. ആദ്യം കേന്ദ്രവും പിന്നാലെ മറ്റു സംസ്ഥാനങ്ങളും പദ്ധതിയിലെ സർക്കാർ വിഹിതം 14 ശതമാനമാക്കി വർധിപ്പിച്ചു. കേരളം ഇപ്പോഴും 10% മാത്രമാണു നൽകുന്നത്. സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി ശുപാർശ ചെയ്തിട്ടു പോലും വിഹിതം കൂട്ടാൻ കേരളം തയാറായിട്ടില്ല. വിരമിക്കുമ്പോഴുള്ള ഗ്രാറ്റുവിറ്റിയും കേരളം അനുവദിച്ചിട്ടില്ല.
അർഹമായ 5,990 കോടി കടമെടുക്കാൻ അനുമതി
തിരുവനന്തപുരം∙ ഇൗ വർഷം തങ്ങൾക്ക് അവകാശപ്പെട്ട 12,000 കോടി രൂപ കൂടി കടമെടുക്കാൻ അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം കഴിഞ്ഞ ദിവസം അനുവദിച്ചത് 5,990 കോടി. 18ന് ഇൗ തുക വായ്പയെടുക്കും. വൈദ്യുതി മേഖലയിൽ വരുത്തിയ പരിഷ്കാരങ്ങൾ അടക്കം കണക്കിലെടുത്ത് 6,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ തീരുമാനം അടുത്തയാഴ്ച വരുമെന്നാണു കണക്കുകൂട്ടുന്നത്. സാമ്പത്തിക വർഷം പൂർത്തിയാകാൻ രണ്ടാഴ്ച മാത്രമുള്ളപ്പോൾ ഇനി 25,000 കോടി രൂപ വരെ ചെലവിടേണ്ടി വരുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ.