വലിയ ജീവിതകഥ; കെ.കെ.കൊച്ച് സ്വന്തം ജീവിതം പറഞ്ഞതിങ്ങനെ

Mail This Article
മധുരവേലി ആദിമകാലത്തു ഗബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ മക്കൊണ്ടോയെന്നപോലെ വിജനവും ഏകാന്തവുമായിരുന്നു. അപ്പർ കുട്ടനാടിന്റെ ഭാഗമായ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിബിഡ വനങ്ങളും തുരുത്തുകളുമാണുണ്ടായിരുന്നത്. എടനാടൻ പാട്ടിൽ മധുരവേലിക്കു പടിഞ്ഞാറുള്ള എഴുമാന്തുരുത്തും ചേർത്തലയ്ക്കടുത്തുള്ള എഴുപുന്നയും ഒറ്റ നേർരേഖയിലാണുള്ളത്.
ഈ രണ്ടു പ്രദേശങ്ങളും നിബിഡ വനങ്ങളായിരുന്നു. മധുരവേലിയുടെ സമീപപ്രദേശങ്ങളായ കപിക്കാട്, കളമ്പുകാട് എന്നീ സ്ഥലനാമങ്ങൾ കാടുകളുടെ ഓർമകളെയാണ് അവശേഷിപ്പിച്ചിരിക്കുന്നത്. എഴുമാന്തുരുത്തിനെ കൂടാതെ കറ്റുരുത്ത്, തുരുത്തുമ്മ എന്നീ സ്ഥലനാമങ്ങൾ കാടിനുള്ളിലെ തുരുത്തുകളെയാണ് സൂചിപ്പിക്കുന്നത്. എടനാടൻ പാട്ടിൽ എഴുമാന്തുരുത്തിലെ കാടുകൾ ഏറെ ദിവസങ്ങൾ കൊണ്ടാണു വെട്ടിത്തെളിച്ചതെന്നു പറയുന്നുണ്ട്. ഈ ജോലി ചെയ്തത് പുലയരായിരുന്നു.
∙ കാലം കനിഞ്ഞുനൽകുന്ന ബാല്യം എനിക്ക് ആനന്ദോത്സവമായിരുന്നില്ല; മറിച്ച് ഒരു ജനതയുടെ ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും അന്ധവിശ്വാസങ്ങളുടെയും പിടച്ചിലുകളായിരുന്നു. 1949 ഫെബ്രുവരി രണ്ടിനു തലയോലപ്പറമ്പിൽ അമ്മയുടെ വീട്ടിലായിരുന്നു ജനനം. അമ്മയുടെ പേര് കുഞ്ഞുപെണ്ണ്.
∙ അമ്മയുടെ വീട് കരിച്ചെളി ഇറക്കി നികത്തിയ സ്ഥലത്താണു നിർമിച്ചിരുന്നത്. നാലു വശങ്ങളും ഓല കൊണ്ടാണു മറച്ചിരുന്നതെങ്കിലും പനയോലകൊണ്ടുള്ള ഒരു മുറിയാണു മധ്യത്തിലുണ്ടായിരുന്നത്. വർഷകാലത്ത് പറമ്പുകളെയും പാടങ്ങളെയും മുക്കിത്താഴ്ത്തുന്ന വെള്ളം മുറ്റം കവിഞ്ഞ് വീടിന്റെ തിണ്ണയെ തൊട്ടുരുമ്മി നിൽക്കും. വീടിനുള്ളിൽ കട്ടിൽ, മേശ, കസേര എന്നിങ്ങനെയുള്ള വീട്ടുപകരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത്തരം ഇല്ലായ്മകൾ അമ്മവീടിന്റേത് മാത്രമായിരുന്നില്ല പുലയരുടെ വീടുകളുടേതായിരുന്നു.
∙ എന്നെ ‘കൊച്ച്’ എന്ന വിളിപ്പേരിൽ ആശാൻ കളരിയിൽ ചേർക്കുന്നത് അമ്മയാണ്. റോഡരികിൽ ചാണയ്ക്കൽ കുരുവിളയുടെ രണ്ടു മുറികളുള്ള പീടികയുടെ ഒരു മുറിയായിരുന്നു കളരി. പനയോലയിൽ നാരായം കൊണ്ടെഴുതിയ അക്ഷരമാലയാണു മുഖ്യമായും പഠിപ്പിച്ചിരുന്നത്. ഞാൻ കളരിയിൽ പോയിരുന്നത്, പാവാടയും ബ്ലൗസും ധരിച്ച് മധുരവേലി എൽപി സ്കൂളിൽ പഠിച്ചിരുന്ന ചേച്ചിക്കൊപ്പമായിരുന്നു. ഉപ്പൂരുത്തിക്കുന്നു കയറിയുള്ള ആ യാത്രയ്ക്കിടയിൽ ചെരിവുകളിൽ സമൃദ്ധമായുണ്ടായിരുന്ന കൊങ്ങിണിപ്പഴം, ചെത്തിപ്പഴം, തുടലിപ്പഴം എന്നിവ പറിച്ചുതിന്നും. ചെറുപ്പത്തിൽ ചേച്ചിയുടെ രക്ഷകസ്ഥാനം കൊണ്ടാവാം എനിക്കേറെ അടുപ്പവും സ്നേഹവും ചേച്ചിയോടായിരുന്നു.
∙ ചേച്ചിയുടെ പേര് പെണ്ണമ്മ. ചാച്ചനും അമ്മയും ഇച്ചായനുമെല്ലാം അവരെ ഉമ്മന്ന എന്നാണു വിളിച്ചിരുന്നത്. വീടിന്റെ മുറ്റത്ത് ചേച്ചി പൂന്തോട്ടമുണ്ടാക്കിയിരുന്നു. ചെടികളിലേറെയും ചെണ്ടുമല്ലികളും നാലുമണിപ്പൂക്കളുമായിരുന്നു. അമ്മ മക്കളെയെന്നപോലെയാണ് ചെടികളെ ചേച്ചി പരിപാലിച്ചിരുന്നത്. പൂക്കളിറുത്തെടുക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. വഴക്കുണ്ടാക്കുമ്പോൾ മണിപ്പൂക്കൾ ഇറുത്തെടുത്താണ് പ്രതികാരം ചെയ്തിരുന്നത്. അതവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചേച്ചി ഏറെയും കരഞ്ഞിട്ടുള്ളതു പൂക്കൾക്കുവേണ്ടിയായിരുന്നു. ദലിത് പെൺകുട്ടികളുടെ ജീവിതരൂപീകരണത്തെക്കുറിച്ച് എഴുതാൻ കഴിഞ്ഞത് ചേച്ചിയൊരു മാതൃകയായതിനാലാണ്.
∙ ചരിത്രത്തിലിടം കിട്ടിയ പ്രഥമ കമ്യൂണിസ്റ്റ് സർക്കാർ എനിക്കൊരു ആവേശമായിരുന്നില്ല. കാരണം വലിയൊരു മാറ്റത്തെ തിരിച്ചറിയാനുള്ള പ്രായക്കുറവായിരുന്നു. മറ്റൊരുകാര്യം, കമ്യൂണിസ്റ്റ് ഗവൺമെന്റിന് നാടിനും വീടിനും പ്രയോജനകരമായ മാറ്റം വരുത്താൻ കഴിയാതിരുന്നതാണ്. പുതിയ ഗവൺമെന്റ് അധികാരത്തിലെത്തും മുൻപുതന്നെ നാട്ടിൽ അയിത്താചരണം ദുർബലപ്പെട്ടിരുന്നു.
∙ ദരിദ്രമായ സാഹചര്യത്തിൽ ജീവിച്ചിരുന്നപ്പോഴും പുസ്തകങ്ങൾ വാങ്ങാൻ ഞാൻ മടികാണിച്ചിരുന്നില്ല. പഴയൊരു കാര്യമാണ്. പോഞ്ഞിക്കര റാഫിയും സെബീനാ റാഫിയും ചേർന്നെഴുതിയ ‘കലിയുഗം’ എന്ന പുസ്തകം തൃശൂരിൽനിന്നാണു വാങ്ങിയത്. ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന സംഘർഷങ്ങളുടെ അന്വേഷണം എന്ന നിലയിൽ ആ പുസ്തകം വാങ്ങാതിരിക്കാൻ കഴിയുമായിരുന്നില്ല. മിച്ചംവന്ന പൈസ വണ്ടിക്കൂലിക്കു തികയുമായിരുന്നില്ല. തൃശൂരിൽനിന്നു കോഴിക്കോട്ടെത്തി. അവിടെനിന്നു വൈത്തിരിക്കു ടിക്കറ്റെടുത്തു. ഭക്ഷണം കഴിക്കാതിരുന്നതിനാൽ കടുത്ത വിശപ്പാണുണ്ടായിരുന്നത്. മുന്നിൽ തെളിഞ്ഞുവന്ന ഏകമാർഗം കയ്യിലുള്ള കുട വിൽക്കുകയാണ്. വൈത്തിരിയിലെ ഒരു ചായക്കടക്കാരനു കുട വിറ്റാണ് ഭക്ഷണത്തിനു പണം കണ്ടെത്തിയത്.
∙ കാലദേശങ്ങളിലൂടെയുള്ള സഞ്ചാരപഥങ്ങളിൽ, കുതിച്ചും കിതച്ചുമുള്ള യാത്രയിൽ കടുത്ത വിദ്വേഷത്തോടൊപ്പം അളവറ്റ സ്നേഹാദരങ്ങളും എനിക്കു കിട്ടിയിട്ടുണ്ട്. എങ്കിലും സാമുദായിക രാഷ്ട്രീയരംഗത്ത് ആരോടും വ്യക്തിപരമായ വിദ്വേഷം പുലർത്തിയിട്ടില്ല. ഇതിനുകാരണം ഡോ. ഒ.കെ. സന്തോഷ്, ഡോ. കെ.കെ. മന്മഥനെക്കുറിച്ചു പറഞ്ഞതുപോലെ ഞാനൊരു പ്രത്യയശാസ്ത്ര മനുഷ്യനായതുകൊണ്ടാണ്. ഈ പ്രത്യയശാസ്ത്രാഭിമുഖ്യം കൊണ്ടുതന്നെ ഒരൊറ്റ ജാതിസംഘടനയോടും വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളോടും സന്ധിചെയ്തിട്ടില്ലെന്ന് എനിക്കുറപ്പിച്ചു പറയാൻ സാധിക്കും.
∙ കല്ലേൻ പൊക്കുടൻ ആണു ചോദിച്ചത്, പുലയന് ആത്മകഥയുണ്ടോ? ചരിത്രത്തിലെ വേറിട്ട അധ്യായമായി മാറിയ അദ്ദേഹത്തിന് രണ്ട് ആത്മകഥകളുണ്ടായി. കൂടാതെ സി.കെ.ജാനുവിനും സെലീന പ്രക്കാനത്തിനും ആത്മകഥകളുണ്ടായി. അവയെല്ലാം പൂർണമായ ജീവിതാനുഭവങ്ങളല്ലെന്നു മാത്രമല്ല കേട്ടെഴുതപ്പെട്ടവയുമാണ്.
മലയാളത്തിൽ അപ്രകാരമല്ലാത്ത ഒരു ദലിതന്റെ ആദ്യത്തെ ആത്മകഥയാണിത്. ഇപ്രകാരമൊരു ആത്മകഥ എഴുതാൻ പ്രേരണയായ ബ്രെഹ്ത്തിന്റെ കവിതാഭാഗം ഇങ്ങനെയാണ്: ‘അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചു. ഒരു പാചകക്കാരൻ കൂടെയില്ലായിരുന്നോ?’. (തകഴിയുടെ)
‘വെള്ളപ്പൊക്കത്തിൽ’ കഥാനിരൂപണത്തിൽ ചേന്നൻ പറയനെ വകഞ്ഞുമാറ്റി പട്ടിയെ ദലിതനാക്കിയതിനു
കാരണം മറ്റൊന്നുമല്ല. ആ പാഠവൽക്കരണത്തിന്റെ വിപുലീകൃത
രൂപമാണ് ആത്മകഥ.
(കെ.കെ. കൊച്ചിന്റെ ‘ദലിതൻ’
എന്ന ആത്മകഥയിൽനിന്നുള്ള
ഭാഗങ്ങൾ)