മത്സ്യബന്ധനത്തിനിടെ ബറക്കുഡ കുത്തി; നട്ടെല്ലു തകർന്നു, പല്ലിന്റെ ഭാഗങ്ങൾ സുഷുമ്ന നാഡിയിൽ തറഞ്ഞു കയറി: യുവാവിനെ രക്ഷിച്ച് ഡോക്ടർമാർ

Mail This Article
കൊച്ചി ∙ മത്സ്യബന്ധനത്തിനിടെ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റു ഗുരുതര പരുക്കേറ്റ മാലദ്വീപ് സ്വദേശിയുടെ ജീവൻ രക്ഷിച്ച് കൊച്ചി അമൃത ആശുപത്രി. കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണു 32 വയസ്സുകാരനെ, അത്യന്തം അപകടകാരിയായ, ടൈഗർ ഫിഷ് ഗണത്തിൽപെടുന്ന ബറക്കുഡ മത്സ്യം കുത്തിയത്. കുത്തേറ്റു കഴുത്തിനു പിന്നിലായി നട്ടെല്ലു തകർന്നു. സുഷുമ്ന നാഡിക്കും ഗുരുതരമായി പരുക്കേറ്റു. യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ എയർ ലിഫ്റ്റ് ചെയ്തു കൊച്ചി അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
-
Also Read
ആശാസമരം: ഒത്തുതീർപ്പ് നീക്കം ഇന്നറിയാം
മത്സ്യത്തിന്റെ പല്ലിന്റെ പത്തിലധികം ഭാഗങ്ങൾ സുഷുമ്ന നാഡിയിൽ തറഞ്ഞു കയറിയതിനാൽ യുവാവിന്റെ ഇടതുകയ്യും കാലും തളർന്ന അവസ്ഥയിലായിരുന്നു. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും ഡോ. ഡാൽവിൻ തോമസിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘം അടിയന്തര ശസ്ത്രക്രിയയിലൂടെ മത്സ്യത്തിന്റെ പല്ലുകൾ നീക്കം ചെയ്തു.

ആരോഗ്യനില മെച്ചപ്പെട്ടതോടെ യുവാവിനെ വാർഡിലേക്കു മാറ്റി. സുഷുമ്ന നാഡിയിലും നട്ടെല്ലിനും ഒരേ സമയം സങ്കീർണശസ്ത്രക്രിയ നടത്തിയതു ന്യൂറോ സർജറിയിൽ അത്യപൂർവമാണെന്നു ഡോക്ടർമാർ പറയുന്നു. അതിവേഗം പായുന്ന ബറക്കുഡ മത്സ്യത്തിന്റെ ആക്രമണവും പൊടുന്നനെയാണ്. ഈ മത്സ്യത്തിന്റെ ആക്രമണത്തിനു ഒട്ടേറെ മാലദ്വീപ് സ്വദേശികൾ മുൻപും ഇരയായിട്ടുണ്ട്. വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാൽ ഇവരിൽ പലരും വൈകാതെ മരണത്തിനു കീഴടങ്ങിയെന്നാണു വിവരം.