ADVERTISEMENT

തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അടുത്തമാസം വിരമിക്കുമ്പോൾ ധന അഡിഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായേക്കും. സീനിയറായ കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷി ഇത്തവണയും മടങ്ങിയെത്താൻ സാധ്യതയില്ലാത്തതിനാലാണ് ഇത്. സെപ്റ്റംബർ ഒന്നിനു ചുമതലയേറ്റ ശാരദ ഏപ്രിൽ 30നു വിരമിക്കും. മനോജ് ജോഷിക്ക് (1989 ബാച്ച്) കേരളത്തിലേക്കു മടങ്ങാൻ താൽപര്യമില്ലാത്തതിനാലാണ് ആദ്യം വി.വേണുവും പിന്നീടു ഭാര്യ ശാരദയും (ഇരുവരും 1990 ബാച്ച്) ചീഫ് സെക്രട്ടറിമാരായത്.

രാജസ്ഥാൻ സ്വദേശിയായ മനോജ് ജോഷി മടങ്ങിയെത്താൻ താൽപര്യപ്പെടുന്നുണ്ടോ എന്നതിൽ വ്യക്തത വരുത്തലാണ് പുതിയ ചീഫ് സെക്രട്ടറിയെ കണ്ടെത്തുന്നതിൽ ആദ്യപടി. ജയതിലക്, പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, രചന ഷാ എന്നിവർ 1991 ബാച്ചുകാരാണ്. ഇഷിത മാർച്ച് 31നു വിരമിക്കും. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിൽ സെക്രട്ടറിയായ രചന ഷാ കേരളത്തിലേക്കു മടങ്ങാൻ താൽപര്യപ്പെടുന്നില്ലെന്നാണു വിവരം. അഡിഷനൽ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാൽ രാജു നാരായണസ്വാമിക്കു സാധ്യത കുറവാണ്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ പരസ്യ ചേരിതിരിവിൽ ഒരു ചേരിയിൽ പ്രതിഷ്ഠിക്കപ്പെട്ട ജയതിലകിന്, പദവിയിലെത്തുകയാണെങ്കിൽ 2026 ജൂൺ വരെ കാലാവധിയുണ്ട്.

രണ്ടു പിണറായി സർക്കാരുകളുടെ 9 വർഷത്തിനിടെ 9 ചീഫ് സെക്രട്ടറിമാരുണ്ടായിരുന്നതിൽ 8 പേരും മലയാളികളാണ്. 2020–21 ൽ 9 മാസം ഈ പദവിയിലിരുന്ന ഡോ.വിശ്വാസ് മേത്ത മാത്രമാണു മലയാളിയല്ലാത്തയാൾ. 20 വർഷത്തിനിടെ മേത്ത, മുഹമ്മദ് റിയാസുദ്ദീൻ, പി.കെ.മൊഹന്തി എന്നിവർ മാത്രമേ മലയാളിയല്ലാത്ത ചീഫ് സെക്രട്ടറിയായി വന്നിട്ടുള്ളൂ. 

2 ഐഎഎസുകാർ കൂടി ഈ വർഷം വിരമിക്കും 

ശാരദയ്ക്കും ഇഷിതയ്ക്കും പുറമേ 2 ഐഎഎസുകാർ കൂടി ഈ വർഷം വിരമിക്കും. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ഏപ്രിൽ 30നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മേയ് 31നും വിരമിക്കും.

English Summary:

Sharada Muraleedharan's Retirement: Kerala Chief Secretary Sharada Muraleedharan's retirement triggers succession speculation. A. Jayathilak is the frontrunner, depending on whether Manoj Joshi returns from central deputation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com