റേഷൻ കടകൾ പൂട്ടുന്നതിന് എതിരെ വ്യാപക പ്രതിഷേധം

Mail This Article
∙ റേഷൻ വ്യാപാരികളുടെ വേതനപരിഷ്കരണം പഠിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥസമിതി നാലായിരത്തോളം റേഷൻ കടകൾ അടച്ചുപൂട്ടാൻ നൽകിയ ശുപാർശയ്ക്ക് എതിരെ പ്രതിഷേധവുമായി റേഷൻ വ്യാപാരികളുടെ സംഘടനകൾ. റേഷൻ കടകൾ പൂട്ടിക്കൊണ്ടാകരുത് വ്യാപാരികളുടെ വേതനം പരിഷ്കരിക്കേണ്ടതെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിയും പറഞ്ഞു. കുട്ടികൾ കുറവായ അങ്കണവാടികളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ടെന്നും റേഷൻ കടകളെയും അത്തരം ഗണത്തിൽപെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
കേരളത്തിലെ 54 ലക്ഷം കാർഡ് ഉടമകൾ റേഷൻ കടകളെയും മാവേലിസ്റ്റോറിനെയും നീതി സ്റ്റോറിനെയും ആശ്രയിച്ച് കഴിയുന്നവരാണെന്നും അവരെ കോർപറേറ്റുകളുടെ മൊത്ത വ്യാപാര സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്നതെന്നും അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ആരോപിച്ചു. കടകൾ പൂട്ടാനുള്ള നിർദേശം 4000 കുടുംബങ്ങളുടെ ഉപജീവനമാർഗം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയ കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ്, സബ്സിഡി സാധനങ്ങൾ കടകളിലൂടെ വിറ്റാൽ വരുമാനക്കുറവു പരിഹരിക്കാമെന്ന നിർദേശവും മുന്നോട്ടുവച്ചു.
റേഷൻ വ്യാപാരികൾക്കു കമ്മിഷനു പകരം വേതനം നൽകണമെന്നും അടിസ്ഥാനവേതനം 30,000 രൂപയാക്കണമെന്നും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ പറഞ്ഞു. കടകൾ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും മിനിമം 30,000 രൂപ വേതനം വ്യാപാരികൾക്കു നൽകണമെന്നും കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (അടൂർ പ്രകാശ് വിഭാഗം) ജനറൽ സെക്രട്ടറി കെ.ബി.ബിജു പറഞ്ഞു. നിയമപ്രകാരം 3 കിലോമീറ്റർ ചുറ്റളവിൽ റേഷൻ കട വേണമെന്നും ഇത്തരം കടകൾ സംരക്ഷിച്ചുള്ള തീരുമാനമാണ് ആവശ്യമെന്നും കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി ജി.ശശിധരൻ പറഞ്ഞു.
പരിഷ്കരണം ചർച്ചയ്ക്ക് ശേഷം: മന്ത്രി
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിതരണ രംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന റേഷൻ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ ശേഷമേ പരിഷ്കാരങ്ങൾ നടപ്പാക്കൂ എന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് കമ്മിറ്റി രൂപീകരിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിനു ശേഷം സംഘടനകളുമായി റിപ്പോർട്ടിൻമേൽ ചർച്ചനടക്കും. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ആശങ്ക സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും മന്ത്രി പറഞ്ഞു.