ക്ഷേത്രത്തിൽ മോഷണശ്രമം; തടയാൻ ശ്രമിച്ച കാവൽക്കാരന് തലയ്ക്കടിയേറ്റു

Mail This Article
മൂന്നാർ ∙ ടൗണിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണശ്രമം. തടയാൻ ശ്രമിച്ച കാവൽക്കാരനെ മോഷ്ടാവ് കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചു പരുക്കേൽപിച്ചു കടന്നുകളഞ്ഞു. ക്ഷേത്രത്തിലെ കാവൽക്കാരൻ നല്ലതണ്ണി കല്ലാർ ഫാക്ടറി ഡിവിഷനിൽ എം.മാടസ്വാമിയാണ് (60) തലയ്ക്കു മുറിവേറ്റ് ചികിത്സയിൽ കഴിയുന്നത്.
കിടന്നുറങ്ങുകയായിരുന്ന മറ്റൊരു കാവൽക്കാരനായ പളനിസ്വാമിയെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണശ്രമം. ക്ഷേത്രത്തിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രി 11.30നാണ് സംഭവം. ക്ഷേത്രത്തിന്റെ ഷട്ടറും അകത്തുള്ള വാതിലും തകർത്ത ശേഷമാണ് മോഷ്ടാവ് ശ്രീകോവിലിനു സമീപമുള്ള 3 ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തത്. പൂട്ട് തകർക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ കാവൽക്കാരൻ മാടസ്വാമി മോഷ്ടാവിനെ കയറി പിടിക്കുന്നതിനിടയിലാണ് മോഷ്ടാവ് കയ്യിലുണ്ടായിരുന്ന കമ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിച്ചത്. ഇയാൾ ബഹളം വച്ചതോടെ ഇവിടെ നിന്നു കടന്ന മോഷ്ടാവിനെ ക്ഷേത്രത്തിനു താഴ്ഭാഗത്തു വച്ച് ടൗണിലെ ഗൂർഖ തടയാൻ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ കടന്ന ഇയാൾ മുതിരപ്പുഴയോരത്തെ കാട്ടിൽ ഒളിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
പുലർച്ചെ നാലുമണിക്കു ശേഷം ഇയാൾ കാളിയമ്മൻ ക്ഷേത്രത്തിനു സമീപം പൂട്ടിയിട്ടിരുന്ന രമേശ് എന്നയാളുടെ വീട് കുത്തിത്തുറന്ന് അകത്തു കയറി അലമാര പരിശോധിച്ചെങ്കിലും ഒന്നും ലഭിക്കാതെ സമീപത്തെ വീടിനു മുൻപിൽ കിടന്നിരുന്ന പുതിയ ഷൂ ധരിച്ച ശേഷം കന്നിയാർ പുഴ വഴി നടന്ന് പെരിയവര ഭാഗത്തേക്കു പോയി. ഇയാൾ ക്ഷേത്രത്തിലെത്തിയതു മുതലുള്ള ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 2019ലും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.