മോഷ്ടിച്ച കാർ 2 വാഹനങ്ങളിലിടിച്ചു; വാഹനമോടിച്ചിരുന്നയാൾ കടന്നുകളഞ്ഞു

Mail This Article
ഈരാറ്റുപേട്ട ∙ മേലമ്പാറയിൽനിന്നു മോഷണം പോയ കാർ കടുത്തുരുത്തിയിൽ 2 വാഹനങ്ങളിലിടിച്ചു. വാഹനമോടിച്ചിരുന്നയാൾ കടന്നുകളഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ പാലാ റോഡിൽ കീഴമ്പാറയിൽ നിന്ന് കെഎൽ 53 യു 2367 നമ്പർ ചുവപ്പ് കാർ മോഷണം പോയതായി വാഹനവ്യാപാരി എരുമേലി കണ്ണിമല തഴയ്ക്കൽ ശരത്ത് ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകി. ഇതിനിടെ ഉച്ചയ്ക്കു 3ന് ഈ കാർ കോട്ടയം –എറണാകുളം റൂട്ടിൽ മുട്ടുചിറ പട്ടാളമുക്കിനു സമീപം രണ്ടു കാറുകളിൽ ഇടിച്ചു. എതിരെ വന്ന കാറിലും പിന്നാലെയെത്തിയ കാറിലും ഇടിച്ചാണു നിന്നത്. അമിതവേഗത്തിലാണ് കാർ എത്തിയത്.
കാറിൽനിന്നു പുറത്തിറങ്ങിയ ഇയാൾ ആശുപത്രിയിൽ പോകണമെന്നാവശ്യപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇതിന് അനുവദിക്കുകയും ചെയ്തു. ഉടൻ ഇയാളെ കൂട്ടിക്കൊണ്ടു പോകാൻ ബൈക്കിൽ ഒരാളെത്തി. ഇയാൾ അതിൽ കയറി പോകുകയും ചെയ്തു. എന്നാൽ ഇയാൾ സമീപത്തുള്ള ആശുപത്രികളിൽ എത്തിയിട്ടുമില്ല. ബെംഗളൂരുവിൽ നിന്നു ശരത്ത് ലേലത്തിലെടുത്തതായിരുന്നു കാർ. വാഹനത്തിന്റെ ഡ്യൂപ്ലിക്കറ്റ് താക്കോൽ എടുക്കുന്നതിനാണ് ഇയാൾ കീഴമ്പാറയിലുള്ള കീ ഡ്യൂപ്ലിക്കേറ്റിങ് സ്ഥാപനത്തിലെത്തിയത്. ഇവിടെ നിന്നാണ് കാർ മോഷണം പോയത്. ഇതേസമയം വാഹനത്തിന്റെ രേഖകൾ പഴയ ഉടമയുടെ പേരിലാണ്. സെയിൽ ലെറ്റർ മാത്രമാണ് ശരത്തിന്റെ കൈവശമുള്ളത്. ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.