മത്സ്യമേഖലയിൽ ഐസിന് പകരം കൂൾ പാക്ക് ജെൽ പരിഗണനയിൽ

Mail This Article
കൊച്ചി∙ മരുന്നുകൾ കേടാകാതെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കൂൾ പാക്ക് ജെൽ മത്സ്യമേഖലയിൽ ഐസിനു ബദലായി ഉപയോഗിക്കുന്നതു പരിഗണിക്കുമെന്നു നാഷനൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡ് (എൻഎഫ്ഡിബി) ചീഫ് എക്സിക്യൂട്ടീവ് ഡോ. ബിജയ് കുമാർ ബെഹ്റ പറഞ്ഞു. മൈനസ് 20 ഡിഗ്രി വരെ തണുപ്പിക്കാൻ റഫ്രിജറേഷൻ സംവിധാനം വേണ്ടതിനാൽ കൂൾ പാക്കിന് ആദ്യ ചെലവ് കൂടുമെങ്കിലും, ഐസിനെ അപേക്ഷിച്ച് ജലാംശം ഒഴിവാകുന്നതും ആവർത്തിച്ച് ഉപയോഗിക്കാൻ കഴിയുന്നതും നേട്ടമാണ്.
സിഫ്റ്റിലെ സോണൽ ടെക്നോളജി മാനേജ്മെന്റ് അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്റർ സംഘടിപ്പിച്ച സംരംഭക സെമിനാർ ‘അക്വാബിസ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യ ഉൽപ്പന്നങ്ങളിലെ ഏറ്റവും വലിയ മൂല്യവർധന പുതുമ നിലനിർത്തുന്നതാണെന്നു ഫിഷറീസ് മന്ത്രാലയം മുൻ സെക്രട്ടറി ഡോ. തരുൺ ശ്രീധർ പറഞ്ഞു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അധ്യക്ഷത വഹിച്ചു. സീഫുഡ് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎഐ) വൈസ് പ്രസിഡന്റ് അലക്സ് നൈനാൻ, സിഎംഎഫ്ആർഐ ഷെൽ ഫിഷ് ഫിഷറീസ് വിഷൻ മേധാവി ഡോ. എ. പി. ദിനേശ് ബാബു, അഗ്രി ഇന്നവേറ്റ് ഇന്ത്യ സിഇഒ ഡോ. പ്രവീൺ മാലിക്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ആനന്ദ് മോഹൻ അവസ്തി, സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ.സി.ഒ. മോഹൻ, ഡോ.യു. പാർവതി എന്നിവർ പ്രസംഗിച്ചു.
അഗ്രി ഇന്നവേറ്റ് ഇന്ത്യ, ഐസിഎആർ ഐപി ആൻഡ് ടിഎം യൂണിറ്റ്, നാഷനൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡ് എന്നിവയുമായി സഹകരിച്ചായിരുന്നു സെമിനാർ. സിഫ്റ്റിൽ നിന്നു പരിശീലനം നേടി സംരംഭകരായ സിവ ഇക്കോ സിസ്റ്റംസ് സി.ഇ.ഒ നിഖിൽ ദേവ്, ഫിഷ് ഐ സീനിയർ സെയിൽസ് മാനേജർ മുഹമ്മദ് ഷെരീഫ്, സരിൻ ഗൗർമെറ്റ് ഡയറക്ടർ സൗരവ് പി. സതീഷ് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. സിഫ്റ്റും വിവിധ വ്യവസായ പങ്കാളികളും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി. സ്പൈക്കൺ ബയോയുമായി സഹകരിച്ചു സിഫ്റ്റ് വികസിപ്പിച്ച ഉൽപന്നം അവതരിപ്പിച്ചു.