പുലിയെ വെട്ടിക്കൊന്ന ഗോപാലന് നഷ്ടപരിഹാരം ഇനിയും അകലെ

Mail This Article
അടിമാലി∙ സ്വയരക്ഷയ്ക്കായി പുലിയെ വെട്ടിക്കൊന്ന ഗോപാലനു വനംവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരം രണ്ടു വർഷത്തിനു ശേഷവും ലഭ്യമായിട്ടില്ല. 2022 സെപ്റ്റംബർ 3ന് ആണ് ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ വാക്കത്തി ഉപയോഗിച്ച് മാങ്കുളം ചിക്കണാംകുടി ആദിവാസി സങ്കേതത്തിലെ ഗോപാലൻ പുലിയെ വെട്ടിക്കൊന്നത്. കുടിയിൽ നിന്നു കൃഷിസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. സംഭവസ്ഥലത്തു തന്നെ പുലി ചത്തു.
ആഴ്ചകളോളം ചികിത്സയിലായിരുന്ന ഗോപാലനു വനംവകുപ്പ് പ്രാഥമിക ചികിത്സയ്ക്കായി 10,000 രൂപയുടെ ധനസഹായം ഉൾപ്പെടെ 50,000 രൂപ വാഗ്ദാനം ചെയ്തു. എന്നാൽ വാഗ്ദാനം ജലരേഖയായി മാറി, തുടക്കത്തിൽ ഗോപാലനെതിരെ കേസെടുക്കാൻ വനം വകുപ്പ് ആലോചിച്ചെങ്കിലും ജനരോഷം ഭയന്ന് പിന്നീടു പിന്മാറുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ ഇടതുകൈയ്ക്കും ദേഹത്തും ഗുരുതരമായി പരുക്കേറ്റ ഗോപാലൻ അടിമാലി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ആഴ്ചകളോളം ചികിത്സയിലായിരുന്നു. പരുക്ക് പൂർണമായും ഭേദമാകാത്തതോടെ ഇപ്പോഴും ദുരിതത്തിലാണ്.