ലഹരിയുടെ പുതുവഴികൾ; ഉന്മാദത്തിനായി കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വരെ

Mail This Article
ആലപ്പുഴ∙ കഞ്ചാവിനും രാസലഹരിക്കും പുറമേ ലഹരിമരുന്നായി വ്യാപകമായി ദുരുപയോഗിക്കുന്നതു കാൻസർ ചികിത്സയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകൾ. വിഷാദം ഉൾപ്പെടെ മാനസികപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് ഇതിൽ ഒന്നാം സ്ഥാനത്ത്.പാർക്കിൻസൺസ് പോലെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങൾക്കുള്ള മരുന്നുകളും ശക്തമായ വേദനസംഹാരികളും കാൻസർ മരുന്നുകളുമാണു ലഹരി ഉപയോഗിക്കുന്നവർ തേടിയെത്തുന്നത്. ഇതിൽ പലതും കിട്ടുന്നതിനു ഡോക്ടറുടെ കുറിപ്പടി നിർബന്ധമാണ്. ഇതു സംഘടിപ്പിച്ചോ വ്യാജമായി ഉണ്ടാക്കിയോ ആണ് മരുന്നുകൾ വാങ്ങുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ഈ വിഭാഗം മരുന്നുകൾ വാങ്ങുന്നവരുടെ പേരുവിവരവും മരുന്ന് നിർദേശിച്ച ഡോക്ടറുടെ പേരും റജിസ്റ്ററിൽ എഴുതി സൂക്ഷിക്കണമെന്നു മെഡിക്കൽ സ്റ്റോറുകൾക്കു കർശന നിർദേശം നൽകിയിട്ടുണ്ട്. സംശയമുണ്ടെങ്കിൽ മരുന്നു നൽകരുത്. എന്നാൽ പലരും ഇതു പാലിക്കുന്നില്ല. ലഹരിവ്യാപനം കൂടിയ സാഹചര്യത്തിൽ ഇത് ഉറപ്പാക്കാൻ കർശന നടപടി ഉണ്ടാകും.മരുന്നുകൾക്കൊപ്പം മദ്യം കൂടി ചേർത്താൽ കൂടുതൽ നേരം ലഹരിയുടെ ഉന്മാദാവസ്ഥ തുടരുമെന്നാണ് ലഹരി ഉപയോഗിക്കുന്നവരുടെ ധാരണ. എന്നാൽ ശരീരത്തിന് ഇരട്ടി ദോഷമാണ് ഉണ്ടാവുക. മരണം വരെ സംഭവിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്നതാണെങ്കിലും ലഹരിക്കായി ഉപയോഗിക്കുന്നതു പിടിക്കപ്പെട്ടാൽ എൻഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടികളും ശിക്ഷയും ലഭിക്കും. കാരണം ഇവ ഷെഡ്യൂൾഡ് വിഭാഗത്തിൽ വരുന്ന മരുന്നുകളാണ്.
പശ മുതൽ ലഹരി
സൈക്കിളിന്റെ ട്യൂബ് ഒട്ടിക്കുന്ന പശ, വൈറ്റ്നർ, പെയ്ന്റ് തുടങ്ങിയവയുടെ തീവ്രഗന്ധമാണ് ലഹരി ഉപയോഗത്തിലേക്കുള്ള തുടക്കമായി ചിലർ പരീക്ഷിക്കുന്നത്. നിരോധിത വസ്തുക്കൾ അല്ലാത്തതിനാൽ നടപടിയെടുക്കാനാകില്ല. എന്നാൽ, മീഥൈൽ ആൽക്കഹോൾ ചേർത്തു നിർമിക്കുന്ന ഇതിൽ പലതും മരണത്തിനു വരെ കാരണമാകാം.