സ്വർണവ്യാപാരിയുടെ മരണം: ലോക്കപ്പ് പീഡനം ആരോപിച്ച് മകൻ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകി

Mail This Article
ആലപ്പുഴ ∙ മോഷണമുതൽ വാങ്ങിയെന്ന കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ സ്വർണവ്യാപാരി വിഷം ഉള്ളിൽച്ചെന്നു മരിച്ച സംഭവത്തിൽ ലോക്കപ്പ് പീഡനം ആരോപിച്ചു വ്യാപാരിയുടെ മകൻ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ വീണ്ടും പരാതി നൽകി. മരിച്ച മണ്ണഞ്ചേരി പൊന്നാട് പണിക്കാപറമ്പിൽ രാധാകൃഷ്ണന്റെ (63) പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന മുറിവുകളും ചതവുകളും കസ്റ്റഡിയിൽ പീഡനമേറ്റതിനു തെളിവാണെന്നു മകൻ പി.ആർ.രതീഷിന്റെ പരാതിയിൽ പറയുന്നു. പിതാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു രതീഷ് നൽകിയ പരാതിയിന്മേൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാസം 6 നു പൊലീസ് കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണൻ പിറ്റേന്നു വൈകിട്ടു ജ്വല്ലറിയിലെത്തിച്ചുള്ള തെളിവെടുപ്പിനിടെ ജീവനൊടുക്കിയെന്നാണു പൊലീസ് റിപ്പോർട്ട്. എന്നാൽ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ ചെന്ന് അച്ഛനെ കണ്ടപ്പോൾ പൊലീസുകാർ വല്ലാതെ ഉപദ്രവിച്ചെന്ന് അദ്ദേഹം പറഞ്ഞെന്നും തെളിവെടുപ്പിനിടെ ജ്വല്ലറിയിൽ പരസ്യമായി മർദിച്ചെന്നും മറ്റും ചൂണ്ടിക്കാട്ടി പിറ്റേന്നു തന്നെ രതീഷ് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.