എപ്പടി മുടിയത് സ്റ്റാലിൻ ?

Mail This Article
സിപിഎമ്മിന്റെ പുതിയ ബഹുനില ആസ്ഥാനമന്ദിരം തലസ്ഥാനത്തു വൈകാതെ ഉദ്ഘാടനം ചെയ്യാൻ പോകുന്നത് ‘മലയാള മനോരമ’യിൽ വായിച്ചാണ് കോവളം എംഎൽഎ എം.വിൻസന്റ് അറിഞ്ഞത്. പടുകൂറ്റൻ 9 നില കെട്ടിടം വെറും 2 വർഷം കൊണ്ടു പൂർത്തിയാക്കിയതിന് സിപിഎമ്മിനെ അദ്ദേഹം അഭിനന്ദിച്ചു. പാര, പിന്നാലെ വന്നു. ഈ ശുഷ്കാന്തി വികസനകാര്യത്തിൽ കൂടി ഉണ്ടായിരുന്നെങ്കിൽ!
ഫണ്ട് പിരിച്ച ശേഷം നിർമിക്കാതെയോ പൂർത്തിയാക്കാതെയോ പോയ ‘കോൺഗ്രസ് മന്ദിര’ങ്ങളുടെ പട്ടികയുമായി ടി.ഐ.മധുസൂദനൻ ഉടൻ അവതരിച്ചു. നൂറു ജന്മം കഴിഞ്ഞാലും കോൺഗ്രസുകാർക്ക് ഇതുപോലൊരു കെട്ടിടം നിർമിക്കാൻ കഴിയില്ലെന്ന പി.മമ്മിക്കുട്ടിയുടെ ഉഗ്രപ്രയോഗം പിന്നാലെ വന്നു. സംസ്ഥാന സമ്മേളനത്തിനും പാർട്ടി ആസ്ഥാനത്തിനുമെല്ലാം അംഗങ്ങളുടെ പക്കൽ നിന്നാണു പണം സമാഹരിക്കുന്നതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ വൈകാരികമായി വിശദീകരിച്ചു.
ദക്ഷിണേന്ത്യയിൽ ലോക്സഭാ മണ്ഡലങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയുള്ള യോജിച്ച സമരത്തിനായി എം.കെ.സ്റ്റാലിനെ കാണുമ്പോൾ പിണറായി വിജയൻ ഒരു കാര്യം ചോദിക്കണമെന്ന് വിൻസന്റിന് അഭിപ്രായമുണ്ട്. ‘ഉന്നാലെ എപ്പടി മുടിയത് തമ്പി?’ കേന്ദ്രത്തിനെതിരെ പോർമുഖങ്ങൾ തുറക്കുന്നതിനിടെ തന്നെ അർഹതപ്പെട്ടതു വാങ്ങിയെടുക്കാൻ സ്റ്റാലിൻ കാട്ടുന്ന മിടുക്കു കണ്ടു മനസ്സിലാക്കണമെന്നു സാരം. വിൻസന്റിനെ ഉപദേശിച്ചു നന്നാക്കാമെന്ന പ്രതീക്ഷ അതോടെ പി.ബാലചന്ദ്രൻ കൈവിട്ടു. വക്കു പൊട്ടിയാൽ ചെരിച്ചു വയ്ക്കാം, മൂടു പൊട്ടിയാൽ പിന്നെ വലിച്ചെറിയാതെ എന്തു മാർഗം– അദ്ദേഹം കാരണം വെളിപ്പെടുത്തി.
സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും സ്പീക്കർ നിയമസഭയ്ക്കു വേണ്ടി അഭിനന്ദിച്ചതിനു പിന്നാലെ കെ.പി.എ.മജീദും പി.സി.വിഷ്ണുനാഥുമെല്ലാം സ്വന്തം നിലയിലും അവരെ അനുമോദിച്ചു. എൽദോസ് കുന്നപ്പള്ളിൽ അതിനിടെ രഹസ്യം വെളിപ്പെടുത്തി: അദ്ദേഹം ദൈവത്തോടു നിരന്തരം പ്രാർഥിച്ചതു കൊണ്ടാണത്രെ ഇരുവരും സുരക്ഷിതരായി മടങ്ങിയെത്തിയത്.
ചർച്ച ധനകാര്യ ബില്ലിന്മേൽ ആയതിനാൽ മന്ത്രി കെ.എൻ.ബാലഗോപാലിനെ പുകഴ്ത്താൻ കെ.ബാബുവും (നെന്മാറ) എം.എസ്.അരുൺകുമാറും കെ.ആൻസലനും മത്സരിച്ചെങ്കിലും എൻ.ജയരാജിനു മുന്നിൽ അവരെല്ലാം പരാജയപ്പെട്ടു. കൊട്ടാരക്കരയുടെ ജനപ്രതിനിധിയായ മന്ത്രിയെ ‘കൊട്ടാരക്കര തമ്പുരാൻ’ ആയാണ് ചീഫ് വിപ് വാഴിച്ചത്. ക്രിയാത്മക പ്രതിപക്ഷം ഇതല്ലെന്ന് യു.പ്രതിഭ തുറന്നടിച്ചു. ബജറ്റ് അവതരിപ്പിക്കാൻ വന്ന കെ.എം.മാണിക്കെതിരെ പ്രതിപക്ഷം കാട്ടിക്കൂട്ടിയത് അന്നു സഭയിലുണ്ടായിരുന്ന പി.സി.വിഷ്ണുനാഥ് ഓർമിപ്പിച്ചു. ‘മറ്റെന്ത് ഉപദേശിച്ചാലും പ്രതിപക്ഷ പ്രവർത്തനം നടത്തേണ്ടത് എങ്ങനെയാണെന്നു മാത്രം നിങ്ങൾ ഉപദേശിക്കരുത്. കേട്ടിരിക്കാൻ ത്രാണി ഇല്ലാത്തതു കൊണ്ടാണ്’.
സർവകലാശാലാ ഭേദഗതി ബിൽ ചർച്ചയിൽ പ്രതിപക്ഷ ആക്രമണത്തിന്റെ മുന മന്ത്രി ആർ.ബിന്ദുവായിരുന്നു. നിയമം ഭേദഗതി ചെയ്ത് എല്ലാ അധികാരവും മന്ത്രി കൈക്കലാക്കുന്ന സ്ഥിതിക്കു സർവകലാശാലകളെ സർക്കാർ വകുപ്പായി പ്രഖ്യാപിച്ചാൽ പോരേ എന്നായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രണത്തിലാക്കാൻ ബിജെപി നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്ന ഭേദഗതി എന്നെങ്കിലും അധികാരത്തിൽ വന്നാൽ യുഡിഎഫിന്റെ വിദ്യാഭ്യാസ മന്ത്രിക്കും ഗുണം ചെയ്യുമെന്നായിരുന്നു മന്ത്രിയുടെ മറുന്യായം.