മന്ദിരത്തിനൊരു വന്ദനം

Mail This Article
സഭയെയും സഭാനാഥനായ സ്പീക്കറെയും അല്ലാതെ സഭാമന്ദിരത്തെ ഒരു എംഎൽഎ വണങ്ങിയതായി ഇന്നേവരെ കെട്ടിട്ടില്ല. ആ പുതുചരിത്രം കെ.ഡി.പ്രസേനൻ രചിച്ചു. ‘നട്ടാൽ കുരുക്കാത്ത നുണ ബോംബുകൾ ഓരോ നിമിഷവും പ്രതിപക്ഷം വർഷിച്ചിട്ടും കുലുങ്ങാതെ പിടിച്ചു നിൽക്കുന്ന സഭാ മന്ദിരത്തിനു നമോവാകം’ അർപ്പിച്ചാണ് പ്രസേനൻ പ്രസംഗം തുടങ്ങിയത്. ഈ പരിഹാസത്തിൽ പക്ഷേ പ്രതിപക്ഷമുണ്ടോ പിന്മാറുന്നു. അവർ പ്രതിഷേധം കൂടുതൽ കടുപ്പിക്കുക തന്നെ ചെയ്തു. അടിയന്തരപ്രമേയ നോട്ടിസിന്മേൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷം ശ്രമിച്ചതാണു പ്രകോപനം. ഇങ്ങനെയെങ്കിൽ മന്ത്രിമാർ പ്രസംഗിക്കുമ്പോൾ തിരിച്ചും കൈകാര്യം ചെയ്യുമെന്നു സതീശൻ മുന്നറിയിപ്പു നൽകി. ധനാഭ്യർഥന ചർച്ചയ്ക്കു മന്ത്രിമാർ മറുപടി നൽകാൻ തുനിഞ്ഞപ്പോൾ ആ പ്രതിഷേധ രീതിയിലേക്കു കടന്നില്ല; പകരം സഭ ബഹിഷ്കരിച്ചു. ആശാവർക്കർമാർക്ക് ഐക്യദാർഢ്യം തീർത്ത് ആ സമരപ്പന്തലിലേക്കു പോകുകയാണെന്നും സതീശൻ പ്രഖ്യാപിച്ചു. മന്ത്രിമാർക്കു പറയാനുള്ളതു കൂടി കേൾക്കാതെ ഇറങ്ങിപ്പോകുന്നതിലെ അനൗചിത്യം സ്പീക്കർ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല.
സഭയിൽ ഒരു കുറുമുന്നണിയുണ്ടെന്നു വെളിപ്പെടുത്തിയത് കോവൂർ കുഞ്ഞുമോനാണ്– 2001 സ്ക്വാഡ്! ആദ്യമായി അന്നു സഭയിലെത്തിയ വി.ഡി.സതീശൻ, എ.പി.അനിൽകുമാർ, മഞ്ഞളാംകുഴി അലി, കെ.ബി.ഗണേഷ്കുമാർ എന്നിവരും താനുമാണ് അംഗങ്ങളെന്നും ഈ സാഹോദര്യം പോലെ മറ്റൊന്നില്ലെന്നും കുഞ്ഞുമോൻ പുളകം കൊണ്ടു. ആ ഇഷ്ടം കൊണ്ടാകാം, കാര്യം യുഡിഎഫ് ആണെങ്കിലും എ.പി.അനിൽകുമാറിനെ പോലെ മികച്ച രീതിയിൽ പട്ടികജാതി വകുപ്പ് കൈകാര്യം ചെയ്തവർ കുറവാണെന്നും വച്ചു കാച്ചി. പട്ടിക വർഗക്കാരനായ ഒ.ആർ.കേളുവിനെ മന്ത്രിയാക്കിയതോടെ പട്ടികജാതിക്ക് മന്ത്രിസഭാ പ്രാതിനിധ്യം ഇല്ലാതായെന്നു പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് കുത്തിത്തിരിപ്പാണെന്നായി കെ.ശാന്തകുമാരി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2 വിഭാഗങ്ങൾക്കും പ്രതിനിധികളുണ്ടായ കാര്യം പറഞ്ഞ് ഐ.സി.ബാലകൃഷ്ണൻ തിരിച്ചടിച്ചു.
സി.എച്ച്.കുഞ്ഞമ്പുവിനും മുരളി പെരുന്നെല്ലിക്കും കെ.പി.കുഞ്ഞമ്മദ് കുട്ടിക്കും മൂന്നാം തവണയും എൽഡിഎഫ് വരും എന്ന കാര്യത്തിൽ അശേഷം സംശയമില്ല. ആ ഉറപ്പ് സിപിഐക്കാർക്ക് ഇല്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു, അതേ അവകാശവാദം അവരുടെ പ്രസംഗങ്ങളിൽ കേൾക്കാനുണ്ടായില്ല. 78 വയസ്സുകാരനായ കെ.വി.തോമസിന് ഉന്നത പദവിയും ലക്ഷങ്ങൾ ശമ്പളവും കിട്ടുമ്പോൾ 75 വയസ്സ് പിന്നിട്ടതിന്റെ പേരിൽ എ.കെ.ബാലനും ജി.സുധാകരനും എല്ലാം നഷ്ടപ്പെടുന്നതിൽ റോജി എം.ജോൺ ദുഃഖിതനാണ്. മുഖ്യമന്ത്രിയും നിർമല സീതാരാമനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ എന്താണു സംഭവിച്ചത് എന്നറിയാത്തതിൽ എൻ.ഷംസുദ്ദീൻ വ്യാകുലനും.