ADVERTISEMENT

​കൊച്ചി ∙ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) എസ്ഐ ചട്ടിയിലിട്ടു വറുത്തതിനെ തുടർന്നു പൊട്ടിത്തെറിച്ചു. എറണാകുളം എആർ ക്യാംപിന്റെ അടുക്കളയിലാണു സ്ഫോടനമുണ്ടായത്. സംഭവം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടു. ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് സബ് ഇൻസ്പെക്ടർ സി.വി.സജീവിനെതിരെയാണ് അന്വേഷണം. 

ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്കാരച്ചടങ്ങുകൾക്കായി ഈ മാസം 10ന് ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ (ബെൽ ഓഫ് ആംസ്) ചുമതലയുള്ള ഉദ്യോഗസ്ഥർ ബ്ലാങ്ക് അമ്യൂണിഷൻ വെയിലത്തു വച്ചു ചൂടാക്കിയ ശേഷം വൃത്തിയാക്കിയാണു സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാൽ, രാവിലെ സംസ്കാര ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോഴാണു ചൂടാക്കി വൃത്തിയാക്കാത്തതിനാൽ ഉണ്ടകൾ ക്ലാവു പിടിച്ച് ഉപയോഗശൂന്യമായതു ശ്രദ്ധയിൽപെട്ടത്. ഇതോടെ, പെട്ടെന്നു ചൂടാക്കിയെടുക്കാനായി ഉണ്ടകൾ ക്യാംപ് മെസിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ടു വറുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. 

വെടിമരുന്നിനു തീ പിടിച്ചതോടെ ഉണ്ടകൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചു. ഗ്യാസ് സിലിണ്ടറും വിറകും ഉൾപ്പെടെ സൂക്ഷിച്ചിരുന്ന അടുക്കളയിൽ വൻ തീപിടിത്തം ഒഴിവായതു തലനാരിഴയ്ക്കാണ്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ള തിരക്കേറിയ മേഖലയിലാണ് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായത്. 

ബ്ലാങ്ക് അമ്യൂണിഷൻ 

​പിച്ചള കാട്രിജിനുള്ളിൽ വെടിമരുന്നു നിറച്ചാണു ബ്ലാങ്ക് അമ്യൂണിഷനും നിർമിക്കുന്നത്. എന്നാൽ, വെടിയുതിർക്കുമ്പോൾ കാട്രിജിൽ നിന്നു വേർപെട്ടു മുന്നോട്ടു പായുന്ന കൂർത്ത ഈയ ഭാഗം (ബുള്ളറ്റ്) ഇവയിലുണ്ടാകില്ല. കാഞ്ചി വലിക്കുമ്പോൾ ശബ്ദവും തീയും പുകയും മാത്രമേ ഉണ്ടാകൂ.

English Summary:

Near-Miss Fire: Blank ammunition explosion at a Kochi police camp leads to a police investigation. An SI is under scrutiny after heating damp ammunition in a pan, causing it to explode near gas cylinders.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com