കലാമണ്ഡലം ഗോപി അരങ്ങിലേക്കില്ല; പകർന്നാടി മറയുന്നു, പച്ചയുടെ ചാരുത

Mail This Article
കോട്ടയ്ക്കൽ ∙ ഭീമനായും ബാഹുകനായും നളനായുമെല്ലാം പകർന്നാടി വിസ്മയിപ്പിച്ച നടനേതിഹാസം കലാമണ്ഡലം ഗോപി അരങ്ങൊഴിയുന്നു. ‘ശരീരം വഴങ്ങുന്നില്ല. കാലുകൾക്കു വേദനയുണ്ട്. കൂടുതൽ നേരം നിൽക്കാൻ കഴിയില്ല. അരങ്ങിൽനിന്നു പിൻവാങ്ങുകയാണ്’– കഥകളി ആചാര്യൻ വേദനയോടെ പറയുന്നു. ജനുവരി 11ന് തൃശൂരിൽ ‘മനോരഥം’ എന്ന തന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശന വേളയിൽ ഇനി അരങ്ങിലേക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ഗുരുവായൂരിലും കോട്ടയ്ക്കലിലും മാത്രമാണു വേഷമിട്ടത്. എന്നാൽ, 25നു തുടങ്ങുന്ന കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിൽ അദ്ദേഹമില്ല.
കൂടല്ലൂർ അച്ചൻ തമ്പുരാന്റെ വാക്കിന്റെ ബലത്തിലാണ് 20–ാം വയസ്സിൽ ഗോപി കോട്ടയ്ക്കൽ ഉത്സവത്തിന്റെ ഭാഗമായത്. പിന്നീട് എല്ലാവർഷവും പ്രധാന ദിവസത്തെ കഥകളിക്ക് അദ്ദേഹമെത്തി. ഗുരുക്കന്മാരായ കലാമണ്ഡലം രാമൻകുട്ടി നായരും പത്മനാഭൻ നായരും എത്താറുണ്ടെങ്കിലും പ്രധാന വേഷം ഗോപിയാശാനുള്ള നിയോഗമായിരുന്നു. പച്ചയുടെ ചാരുത നിറഞ്ഞ വേഷങ്ങൾ. കലാമണ്ഡലം ഗോപി-കോട്ടയ്ക്കൽ ശിവരാമൻ കൂട്ടുകെട്ട് അരങ്ങു വാണു; കാണികളുടെ അകവും. ശംഭു എമ്പ്രാന്തിരി, മാർഗി വിജയകുമാർ, സി.എം.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരും ആശാന്റെ ‘നായിക’മാരായി. കഴിഞ്ഞവർഷം പതിവിനു വിപരീതമായി കുചേലനായാണ് ആശാൻ കോട്ടയ്ക്കലിൽ അരങ്ങിലെത്തിയത്.