അണക്കെട്ടുകൾക്ക് ബഫർസോൺ; 7732 ഏക്കർ നിരോധിത മേഖല, 38,661 ഏക്കർ നിയന്ത്രിത മേഖല

Mail This Article
ഇരിട്ടി ∙ കേരളത്തിലെ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ബഫർസോൺ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയിൽ 7732.38 ഏക്കർ നിരോധിത മേഖലയും 38,661.92 ഏക്കർ നിയന്ത്രിത മേഖലയുമായി. അണക്കെട്ടിൽ പരമാവധി റിസർവോയർ ലെവലിൽ വെള്ളം ഉയരുമ്പോൾ അവിടെനിന്നാണു ബഫർസോൺ ദൂരം കണക്കാക്കുന്നത് എന്നതിനാൽ നിരോധനവും നിയന്ത്രണവും പ്രാബല്യത്തിൽ വരുമ്പോൾ ഈ കണക്ക് ഉയരാം.
-
Also Read
പിആർഡി: തിരുത്തൽ നടപടികൾ ഊർജിതം
ഡിസംബർ 26 ലെ ഉത്തരവു വഴി സംസ്ഥാനത്തെ 61 ഡാമുകളിലും 35 റിസർവോയറുകളിലുമാണ് ബഫർസോൺ പ്രാബല്യത്തിലായത്. ജലസേചന വകുപ്പിന്റെ വെബ്സൈറ്റിലുള്ള പട്ടിക പ്രകാരം 38 പുഴകളിലെ സംഭരണികളിലായി 782.63 കിലോമീറ്റർ ദൂരമാണ് ബഫർസോൺ. ഇരുവശത്തും 20 മീറ്റർ വീതം സോൺ ഒന്നിൽപെടുത്തി നിരോധിത മേഖലയും 20 മുതൽ 120 മീറ്റർ സോൺ രണ്ടിൽപെടുത്തി നിയന്ത്രിത മേഖലയുമായി. അങ്ങനെയാണ് 7732.38 ഏക്കർ നിരോധിത മേഖലയും 38,661.92 ഏക്കർ നിയന്ത്രിത മേഖലയുമാകുന്നത്. പഴശ്ശി അണക്കെട്ടിൽ വളപട്ടണം പുഴയിൽ 6.48 കിലോമീറ്ററാണ് പട്ടിക പ്രകാരം ബഫർസോൺ.
ഇവിടെ നിർമാണം പൂർത്തിയായതും നിർമാണത്തിൽ ഉള്ളതുമായ 3 വീടുകൾക്ക് ജലസേചന വകുപ്പിന്റെ നിരാക്ഷേപപത്രം ചോദിച്ചത് 11 കിലോമീറ്റർ അകലെയുള്ളവരോടാണ്. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് ആയിരക്കണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കാൻ ഉത്തരവ് കാരണമാകുമെന്നു വ്യക്തമാകുകയാണ്. പലർക്കും പുതിയ വീടുകൾ നിർമിക്കാനും പഴയത് പുനർനിർമിക്കാനും സാധിക്കില്ല. ഏറ്റവും കൂടുതൽ ദൂരം നിയന്ത്രണം വരുന്നത് ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിലെ മുതിരപ്പുഴയിലാണ്–281.24 കിലോമീറ്റർ. പമ്പ അണക്കെട്ടിൽ പമ്പ നദിയിൽ 90.88 കിലോമീറ്ററും ഇടുക്കി അണക്കെട്ടിലെ പെരിയാർ നദിയിൽ 61.6 കിലോമീറ്ററും ബഫർസോണാണ്.