ചെലവുചുരുക്കൽ: ആവശ്യമില്ലാത്ത പദ്ധതികൾ ഒഴിവാക്കാൻ നിർദേശം; വകുപ്പുകളെ ‘മുറുക്കി’ ധനവകുപ്പ്

Mail This Article
തിരുവനന്തപുരം ∙ ഒഴിവുനികത്തലിനുൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി സർക്കാർ ചെലവുചുരുക്കൽ കർശനമാക്കുന്നു. ആവശ്യമില്ലാത്ത പദ്ധതികൾ കണ്ടെത്തി ഒരു മാസത്തിനുള്ളിൽ അവസാനിപ്പിക്കാൻ ധനവകുപ്പ് മറ്റു വകുപ്പുകൾക്കു നിർദേശം നൽകി. സാമ്പത്തിക പ്രതിസന്ധി നീങ്ങിയെന്നു ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരാണ്, കടുത്ത സാമ്പത്തിക നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നത്. ഇ ഓഫിസ് സംവിധാനമുള്ള ഓഫിസുകളിൽ അനിവാര്യമെങ്കിൽ മാത്രമേ ഓഫിസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് ഒഴിവു നികത്താവൂ എന്നാണു നിർദേശം.
ഇതാകട്ടെ കരാർ അടിസ്ഥാനത്തിലുമായിരിക്കണം. വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വാഹനത്തിന്റെ കുറവുമൂലം ജോലിയില്ലാതിരിക്കുന്ന ഡ്രൈവർമാരെ ആ വകുപ്പുകളിലെ കരാർ ഡ്രൈവർമാർക്കു പകരം പുനർവിന്യസിക്കണം. ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയണം. അനുവദിച്ചിട്ടുള്ള ആവശ്യത്തിനു മാത്രം സ്ഥാപനങ്ങളുടെ നിയന്ത്രണാധികാര പരിധിക്കുള്ളിൽ വാഹനം ഉപയോഗിക്കാം. വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കും.
മറ്റു നിർദേശങ്ങൾ:
∙ ചെലവുകൾ ബജറ്റ് വിഹിതം അധികരിക്കരുത്.
∙ സർക്കാർ സഹായം നൽകുന്ന സ്ഥാപനങ്ങൾ, സ്വന്തമായ വരുമാനത്തിനു പുറമേ വായ്പയടക്കമുള്ള മാർഗങ്ങൾ കൂടി തേടണം.
∙ വകുപ്പുകളും സർക്കാർ സഹായം നൽകുന്ന സ്ഥാപനങ്ങളും സെമിനാർ, മേള, ശിൽപശാല, പരിശീലന പരിപാടി എന്നിവ നിയന്ത്രിക്കണം. ബജറ്റ് വിഹിതത്തിന്റെ പകുതി മാത്രമേ ഇതിനായി ഉപയോഗിക്കാവൂ.
∙ സർക്കാർ സേവനങ്ങൾക്കും പണമടയ്ക്കുന്നതിനും ഓൺലൈൻ സൗകര്യമുള്ളതിനാൽ ഓഫിസുകളിൽ ഇതിനായി കൗണ്ടർ ആവശ്യമില്ല. ഈ ജീവനക്കാരെ മാതൃവകുപ്പുകളിലേക്കു മാറ്റണം.
മെഡിക്കൽ സർവീസസ് കോർപറേഷന് 100 കോടി
∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്‌സിഎൽ) സർക്കാർ 100 കോടി രൂപ അനുവദിച്ചു. സർക്കാർ ആശുപത്രികൾക്കായി മരുന്നുകൾ വാങ്ങിയതിന്റെ ബിൽ തുക നൽകുന്നതിനാണു പണമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കോർപറേഷന് ഈവർഷം 606 കോടി രൂപ നൽകി. 356 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയത്.മരുന്നു കമ്പനികൾക്കു 4 വർഷമായുള്ള കുടിശിക ഈ സാമ്പത്തിക വർഷം തന്നെ തീർക്കാമെന്ന കോർപറേഷന്റെ ഉറപ്പുകൾ പാലിക്കാനായില്ല. ഇതോടെ ടെൻഡർ സമർപ്പിച്ച കമ്പനികൾ പിൻവാങ്ങാൻ തുടങ്ങുന്ന വിവരം ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.