വർക്‌ഷോപ്പിൽ നിന്നുള്ള പരിചയം; ആദ്യം ‘പാർട്നർഷിപ്’, പിന്നെ വഴക്കായി, ക്വട്ടേഷനായി

Mail This Article
തൊടുപുഴ ∙ കലയന്താനിയിൽ ദേവമാതാ കേറ്ററിങ് ജോമോന്. ടിപ്പർ, മണ്ണുമാന്തി, വർക്‌ഷോപ് അടക്കമുള്ള ബിസിനസുകൾ ബിജുവിന്. വാഹനം നന്നാക്കാനും മറ്റുമായി വർക്‌ഷോപ്പിൽ ചെല്ലുമ്പോൾ ബിജുവുമായി ജോമോൻ പരിചയത്തിലായി. തുടർന്നു ബിസിനസ് പങ്കാളികളായി. ആദ്യഘട്ടത്തിൽ കുഴപ്പമില്ലാതെ പോയി. ബിസിനസിൽ കൂടുതൽ തുക ജോമോനു നിക്ഷേപിക്കേണ്ടതായി വന്നതോടെ തർക്കമായി. പാർട്നർഷിപ് പിരിഞ്ഞു. പിരിഞ്ഞപ്പോൾ അർഹതപ്പെട്ട ഷെയറോ വാഹനങ്ങളോ വസ്തുക്കളോ ലഭിച്ചില്ലെന്നു ജോമോന് പരാതിയായി.
ജോമോന്റെ കേറ്ററിങ് ബിസിനസ് നഷ്ടത്തിലായതോടെ വലിയ സാമ്പത്തികബാധ്യതയുമായി. പലയിടങ്ങളിലായി ഹോട്ടലുകൾ തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. മേശയും കസേരയും ഫ്രീസറും വാടകയ്ക്കു നൽകിത്തുടങ്ങി. പക്ഷേ ബാങ്കിൽ നിന്ന് ജപ്തി നടപടികൾ തുടങ്ങിയതോടെ കാശിന് ആവശ്യമായി. ഇതാണ് ബിജുവിനെതിരെ ക്വട്ടേഷൻ നൽകി പണം കൈക്കലാക്കാൻ ശ്രമിക്കാനുള്ള കാരണമായി പ്രതി ജോമോൻ പൊലീസിനോടു പറഞ്ഞത്.
