ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്

Mail This Article
അച്ചാനെ (ലബനൻ) ∙ മധ്യപൂർവ ദേശവുമായുള്ള വിശ്വാസപരവും ചരിത്രപരവുമായ ബന്ധം വിളംബരം ചെയ്ത് കേരളത്തിലെ യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാബാവായായി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്. ബസേലിയോസ് ജോസഫ് എന്ന പേരിൽ സ്ഥാനമേൽക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ത്യൻ സമയം രാത്രി 8.30ന് ആണ്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ സിറിയൻ ഓർത്തഡോക്സ് സഭാകേന്ദ്രമായ പാത്രിയർക്കാ സെന്ററിനോടു ചേർന്നുള്ള സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ പ്രാദേശിക സമയം വൈകിട്ട് 5ന് ആണ് ചടങ്ങ്.
പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് സ്ഥാനാരോഹണ ശുശ്രൂഷ നിർവഹിക്കുന്നത്. സിറിയൻ ഓർത്തഡോക്സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാർ സഹകാർമികരാകും. ലബനൻ പ്രസിഡന്റ് ജോസഫ് ഔനോ പ്രതിനിധിയോ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സഭയുടെ ആഗോള സിനഡ് നാളെ ഇവിടെ ചേരുന്നുണ്ട്. കേരളത്തിൽ നിന്നുള്ളവരും പ്രവാസികളുമായി ധാരാളം മലയാളികൾ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത തുടങ്ങിയവരും കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ പ്രതിനിധി സംഘവും ഇവിടെയെത്തി. വത്തിക്കാനിൽനിന്ന് കത്തോലിക്കാ സഭയുടേതടക്കം ഇതര സഭകളുടെ പ്രതിനിധികളും പങ്കെടുക്കും
സിറിയയിലെ ഡമാസ്കസ് ആണ് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആസ്ഥാനം. സിറിയയിലെ സംഘർഷഭരിതമായ സാഹചര്യം പരിഗണിച്ചാണ് ചടങ്ങ് അച്ചാനെയിലേക്കു മാറ്റിയത്. പരിശുദ്ധ മറിയത്തിന്റെ വചനിപ്പു പെരുന്നാൾ ദിനം എന്നതാണ് അഭിഷേകച്ചടങ്ങ് നടക്കുന്ന ഇന്നത്തെ ദിവസത്തിന്റെ സവിശേഷത. മാർ ഗ്രിഗോറിയോസ് ശെമ്മാശപട്ടമേറ്റതും പിന്നീടു വൈദികനായതും മാർച്ച് 25ന് ആണ്.