ADVERTISEMENT

തിരുവനന്തപുരം ∙ ലഹരിവിപത്തിനെ ചെറുക്കാൻ സംസ്ഥാനസർക്കാർ നാടൊന്നാകെ പ്രതിരോധമൊരുക്കും. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ അതിശക്തമായ പ്രചാരണപരിപാടി ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായി വിവിധ വകുപ്പുകൾ ഉൾപ്പെട്ട സമിതി ലഹരിവിരുദ്ധ കർമപദ്ധതിയുടെ രൂപരേഖ തയാറാക്കും. സ്കൂളുകളിലെ ലഹരിവിരുദ്ധ ബോധവൽക്കരണം എൽപി ക്ലാസുകൾ മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

കുട്ടികളെ കായിക രംഗത്തേക്ക് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണമെന്നു യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടി വേണം. ഇവിടങ്ങളിൽ പരിശോധന കർശനമാക്കണം. ലഹരിവിൽപന നടത്തുന്ന കടകൾ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശ വകുപ്പ് സ്വീകരിക്കണം.

പുതിയതരം ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങണം. മറ്റു സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടു ലഹരിസംഘങ്ങൾക്കെതിരെ നീങ്ങണം. ഡാർക്ക് വെബ് ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സംവിധാനങ്ങളിൽ സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കണം. കുറിയർ, പാഴ്സൽ, ടൂറിസ്റ്റ് വാഹനങ്ങൾ എന്നിവ പരമാവധി പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

വകുപ്പുകൾ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ പദ്ധതികൾ മന്ത്രിമാരായ എം.ബി.രാജേഷ്, സജി ചെറിയാൻ, ആർ.ബിന്ദു, ഒ.ആർ.കേളു, വി. അബ്ദുറഹ്‌മാൻ എന്നിവർ യോഗത്തിൽ വിശദീകരിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡിഷനൽ ചീഫ് സെക്രട്ടറിമാരായ എ.ജയതിലക്, കെ.ആർ.ജ്യോതിലാൽ, സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് ഏബ്രഹാം, പി.വിജയൻ, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് തുടങ്ങിയവർ പങ്കെടുത്തു.

വിദഗ്ധർ, വിദ്യാർഥി– യുവജനസംഘടനകൾ, സിനിമ–സാംസ്കാരിക–മാധ്യമ സംഘടനകൾ, അധ്യാപക–രക്ഷാകർതൃ സംഘടനകൾ എന്നിവരുടെ യോഗം 30നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. കുട്ടികളിൽ പെരുകുന്ന അക്രമവാസന, ലഹരി ഉപയോഗം എന്നിവ ചർച്ച ചെയ്യാനുള്ള ഈ യോഗത്തിലെ നിർദേശങ്ങൾ കൂടി കർമപദ്ധതിയിൽ ഉൾപ്പെടുത്തും.

2 മാസം; ചികിത്സ തേടിയത് 588 കുട്ടികൾ

തിരുവനന്തപുരം ∙ ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും സംസ്ഥാനത്തെ ഡി അഡിക്‌ഷൻ കേന്ദ്രങ്ങളിൽ 18നു താഴെയുള്ള 588 കുട്ടികൾ ചികിത്സ തേടിയെന്നു മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. 2024 ൽ 2880, 2023 ൽ 1982, 2022 ൽ 1238, 2021 ൽ 681 എന്നിങ്ങനെയാണു ചികിത്സ തേടിയവരുടെ എണ്ണം. എല്ലാ ജില്ലകളിലും ഡി അഡിക്‌ഷൻ കേന്ദ്രങ്ങളുണ്ട്.

ഡാർക്ക് നെറ്റിലെ അജ്‍ഞാത മാർക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പൊലീസിനു പുറമേ മറ്റ് ഏജൻസികളുടെ സഹായം തേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലഹരിക്കേസുകളിൽ ആവർത്തിച്ച് ഏർപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നുണ്ടെന്നും അറിയിച്ചു.

മനോരമയ്ക്കും അഭിനന്ദനം

‘മലയാള മനോരമ’യുടെ പേരെടുത്തു പറഞ്ഞ്, ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേർന്ന മാധ്യമങ്ങൾക്കു മുഖ്യമന്ത്രിയുടെ അഭിനന്ദനം. ‘ലഹരിക്കെതിരെ കേരളത്തിലെ മാധ്യമങ്ങൾ പൊതുവേ പോസിറ്റീവായ ഇടപെടലാണു നടത്തുന്നത്. മലയാള മനോരമ നല്ല നിലയ്ക്കുള്ള പ്രചാരണം ഇക്കാര്യത്തിൽ നൽകുന്നു’– യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ മുൻ ഡിജിപിമാരെ ഉൾപ്പെടുത്തി മലയാള മനോരമ സംഘടിപ്പിച്ച ചർച്ചയിലെ ആശയങ്ങൾ സമാഹരിച്ചു കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. സ്കൂൾ വിദ്യാർഥികളെ സംഘടിപ്പിച്ച് എല്ലാ ജില്ലകളിലും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും എക്സൈസ് മന്ത്രി എം.ബി.രാജേഷുമായി ജനങ്ങൾക്ക് ആശയവിനിമയത്തിനായി ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 

English Summary:

Kerala Launches Statewide War on Drugs: A comprehensive action plan unveiled

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com