ADVERTISEMENT

22 ദിവസത്തെ സഭാ സമ്മേളനം തീരുന്ന ദിനത്തിലും ഒരു നാടകീയത കാത്തു വച്ചിരുന്നു. ഈ സമ്മേളനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സ്വകാര്യ സർവകലാശാലാ ബിൽ പാസാകുമെന്നതിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. വ്യവസ്ഥകളിൽ വിയോജിപ്പുണ്ടെങ്കിലും ആശയം തങ്ങളുടേതായിപ്പോയെന്ന തിരിച്ചറിവ് പ്രതിപക്ഷത്തെയും പൊതിഞ്ഞു. ഏകകണ്ഠമായി പാസാക്കി പുതു ചരിത്രം കുറിക്കാമെന്ന സർക്കാരിന്റെയും മന്ത്രി ആർ.ബിന്ദുവിന്റെയും പ്രതീക്ഷ, പക്ഷേ കെ.കെ.രമ എന്ന ഒറ്റയാൾ പട്ടാളം തകർത്തു. ‘പ്രതികൂലിക്കുന്നവർ’ എന്ന ചോദ്യം സ്പീക്കറിൽ നിന്ന് ഉണ്ടായപ്പോൾ 140 അംഗസഭയിൽ നിന്ന് ആ കൈ മാത്രം ഉയർന്നു.

യുഡിഎഫ് പിന്തുണയോടെ ജയിച്ച ശേഷം സഭയിൽ അവരുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെങ്കിലും ആർഎംപി പ്രതിനിധിയായ രമ സാങ്കേതികമായി പ്രത്യേക ബ്ലോക്കാണ്. 1996 ലെ നായനാർ സർക്കാരിന്റെ കാലത്ത് കേരള ആദിവാസി ഭൂ സംരക്ഷണ നിയമഭേദഗതി ബിൽ ഭരണ– പ്രതിപക്ഷങ്ങൾ യോജിച്ച് പാസാക്കിയപ്പോൾ എതിർത്ത് വോട്ടു ചെയ്ത കെ.ആർ.ഗൗരിയമ്മയെ പലരും ഓർത്തു. യുഡിഎഫിന്റെ ഭാഗമായ ജെഎസ്എസിലായിരുന്നു ഗൗരിയമ്മ. ബിൽ ആദിവാസി വിരുദ്ധമാണെന്നായിരുന്നു അവരുടെ ഉറച്ച നിലപാട്.

 നിയമത്തിന്റെ പിൻബലമില്ലാതെ ചില സ്ഥാപനങ്ങൾക്ക് സർവകലാശാലകൾ ലേലം ചെയ്തു കൊടുക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന മന്ത്രിആർ.ബിന്ദുവിന്റെ പ്രതികരണത്തോടു പ്രതിപക്ഷം രൂക്ഷമായി പ്രതികരിച്ചു; സ്പീക്കറുടെ താക്കീതും പിന്നാലെ വന്നു. സർവകലാശാലാ ബില്ലിൽ പ്രതീക്ഷിച്ച ലിംഗ നീതി കണ്ടില്ലെന്നും ഫെമിനിസ്റ്റായ മന്ത്രി ശ്രദ്ധിച്ചില്ലേ എന്നുമായി ടി.വി.ഇബ്രാഹിം. മന്ത്രി ഫെമിനിസ്റ്റ് അല്ലെന്നു സ്പീക്കറുടെ തിരുത്ത്. മന്ത്രിയും പ്രതിപക്ഷവും തമ്മിലെ കലഹം രൂക്ഷമാകുന്നതാണു പിന്നീടു കണ്ടത്.

വ്യവസായ നിയമഭേദഗതി ചർച്ചയിൽ കൊല്ലത്തെ കശുവണ്ടി വ്യവസായം ‘ഈസ് ഓഫ് ഡയിങ്ങി’ലാണെന്നായി പി.സി.വിഷ്ണുനാഥ്. സർക്കാരിനെ എതിർക്കാനായി മാത്രം കേരളം മോശമാണെന്നു വരുത്തിത്തീർക്കുന്ന രീതി ഉപേക്ഷിക്കണമെന്ന് മന്ത്രി പി.രാജീവിനു വേണ്ടി മറുപടി പറഞ്ഞ മന്ത്രി എം.ബി. രാജേഷ്  ഉപദേശിച്ചു. അങ്ങനെയെങ്കിൽ പണവും പദ്ധതികളും അനുവദിക്കുമ്പോൾ എല്ലാ എംഎൽഎമാരെയും ഒരു പോലെ കാണാൻ മന്ത്രിമാരും തയാറാകണമെന്നായി എൻ.എ.നെല്ലിക്കുന്ന്.‘ടു ട്രില്യൺ (രണ്ടു ലക്ഷം കോടി)  സമ്പദ് വ്യവസ്ഥ’ എന്നെല്ലാം ഉദ്ഘോഷിച്ച് ബജറ്റ് രേഖയെ പോലും പിആർ പരിപാടിയാക്കി മാറ്റുന്ന സർക്കാരാണ് ഇതെന്ന പ്രതിഷേധത്തിലായിരുന്നു എ.പി.അനിൽകുമാർ.  

ലഹരിയെ ചെറുക്കാനായി  എംഎൽഎമാർ അവരുടെ മണ്ഡലങ്ങളിലും  സംസ്ഥാന തലത്തിലും തങ്ങളുടെ പങ്ക് വഹിക്കാൻ മുന്നോട്ടു വരണം 

 

English Summary:

Kerala Assembly: Kerala MLA K.K. Rama's solo stand against private university bill

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com