ജലാശയങ്ങൾക്കു ചുറ്റും ഖനന നിയന്ത്രണം: ഉത്തരവ് പിൻവലിക്കും

Mail This Article
തിരുവനന്തപുരം ∙ ഡാമുകൾക്കും ജലാശയങ്ങൾക്കു ചുറ്റും ഖനനം നിയന്ത്രിക്കാനുള്ള ജലവിഭവ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കാൻ ആലോചന. നിയന്ത്രണങ്ങൾ പൂർണമായോ ഭാഗികമായോ പിൻവലിക്കണോ എന്ന ചർച്ചയ്ക്ക് ശേഷം തുടർ നടപടികളുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് അറിയിച്ചു.
ഡാമുകൾ മുതൽ ചെറിയ ജല സംഭരണികൾ വരെയുള്ളവയ്ക്ക് ഒരു കിലോമീറ്റർ മുതൽ 30 മീറ്റർ വരെ പല വിഭാഗങ്ങളിലായി ബഫർ സോൺ നിശ്ചയിച്ച് ജനുവരി 20ന് അഡിഷനൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. 2021 ലെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ അണക്കെട്ടുകളുടെയും സമീപത്തെ ക്വാറിയിങ്, ഖനന പ്രവൃത്തികൾക്ക് അനുമതി നിർബന്ധമാക്കണമെന്ന ചീഫ് എൻജിനീയറുടെ ശുപാർശയുടെ തുടർച്ചയായിരുന്നു ഉത്തരവ്.
പരിധി ഇങ്ങന
∙ അണക്കെട്ടുകൾ, ടണൽ, ബണ്ട്, ചെറിയ ഡാം, കനാലുകൾ: 1 കിലോമീറ്റർ
∙ തടയണകൾ: 300 മീറ്റർ
∙ ചെറുത്, ഇടത്തരം കനാലുകൾ, ജലസംഭരണികൾ: 250 മീറ്റർ
∙ നദികൾ, അരുവികൾ, തടാകങ്ങൾ, ടാങ്കുകൾ: 200 മീറ്റർ
∙ ചെറിയ കനാൽ, കൈത്തോടുകൾ, കുളം, ടാങ്ക്: 125 മീറ്റർ
∙ 20,000 ലീറ്ററിനു താഴെയുള്ള ടാങ്കുകൾ: 30 മീറ്റർ