കൊടകര: പുനരന്വേഷണം പൊലീസ് അവസാനിപ്പിച്ചു

Mail This Article
തൃശൂർ ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്തു ബിജെപി ജില്ലാ ഓഫിസിൽ 6 കോടി രൂപയുടെ കള്ളപ്പണമെത്തിയിരുന്നു എന്ന നിഗമനത്തോടെ കൊടകര കുഴൽപണക്കേസിലെ പുനരന്വേഷണം പൊലീസ് അവസാനിപ്പിച്ചു. കുഴൽപണ ഇടപാടുകൾ സംബന്ധിച്ചു ബിജെപി ജില്ലാ ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ യാഥാർഥ്യമുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ചു. എന്നാൽ, തന്റെ മൊഴിയെടുത്തതിൽ പൊലീസ് അന്വേഷണം അവസാനിച്ച സാഹചര്യത്തിൽ ബിജെപി നേതാക്കളെ പ്രതിചേർത്തു സതീഷ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു.
ബിജെപി ഓഫിസിൽ ചാക്കുകളിലാക്കി പണമെത്തിച്ചുവെന്നു സതീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു മാസങ്ങൾക്കു മുൻപു പൊലീസ് പുനരന്വേഷണം നടത്തിയത്. എന്നാൽ, സതീഷിന്റെ മൊഴി രേഖപ്പെടുത്തിയതിനപ്പുറം അന്വേഷണം നീങ്ങിയില്ല. ഇത്തരം കാര്യങ്ങൾ അന്വേഷിക്കേണ്ടത് ഇ.ഡിയും ആദായനികുതി വകുപ്പുമാണെന്നു കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണു സതീഷ് ബിജെപി നേതാക്കളെ എതിർകക്ഷികളാക്കി സ്വകാര്യ അന്യായം ഫയൽ ചെയ്തത്. സംഭവസമയത്തു ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന കെ.കെ.അനീഷ് കുമാർ, ജനറൽ സെക്രട്ടറി കെ.ആർ.ഹരി, ട്രഷറർ സുജയ് സേനൻ എന്നിവരാണ് എതിർകക്ഷികൾ.
ഇനി അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പ്
കുഴൽപണക്കേസിലെ ഉള്ളുകള്ളികളുമായി ബന്ധപ്പെട്ട അന്വേഷണം ഇ.ഡി ‘പാസ്’ ചെയ്തതോടെ പന്ത് ഇനി ആദായനികുതി വകുപ്പിന്റെ കോർട്ടിൽ. ധർമരാജനു പണം ലഭിച്ചത് എവിടെനിന്ന്, കൈമാറിയത് ആർക്കൊക്കെ, പണം നിയമാനുസൃതമെന്നു തെളിയിക്കാനുള്ള രേഖകൾ എന്നിവ സംബന്ധിച്ച അന്വേഷണം നടത്തേണ്ടത് ആദായനികുതി വകുപ്പാണ്. കള്ളപ്പണമല്ലെന്ന് ഇ.ഡി വ്യക്തമാക്കിയതോടെ ഇതിനു പിന്നിലെ രാഷ്ട്രീയ ബന്ധങ്ങളിലേക്കുള്ള അന്വേഷണം തൽക്കാലം നിലയ്ക്കും.തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലും ഇതുസംബന്ധിച്ച റിപ്പോർട്ട് എത്തിയിട്ടുണ്ടെങ്കിലും ഈ വഴിക്ക് അന്വേഷണം ആരംഭിച്ചിട്ടില്ല. ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കിയതോടെ ധർമരാജനു പണം തിരികെ ലഭിക്കാൻ വഴിയൊരുങ്ങി. ഇ.ഡി അന്വേഷണം അവസാനിച്ചെങ്കിലും കൊടകര കവർച്ചക്കേസിലെ പൊലീസ് കേസ് സെഷൻസ് കോടതിയിൽ തുടരും.