കർണാടകയിൽ പാലിനു വിലകൂട്ടി; മിൽമയ്ക്ക് അധികഭാരം

Mail This Article
പാലക്കാട് ∙ കർണാടക മിൽക് ഫെഡറേഷൻ പാലിന് നാളെ മുതൽ ലീറ്ററിനു നാലു രൂപ വർധിപ്പിക്കുന്നതോടെ കേരളത്തിൽ മിൽമയ്ക്കും അധികഭാരമാകും. വേനൽക്കാല പ്രതിസന്ധി നേരിടുന്നതിന് പ്രതിദിനം ശരാശരി ഒന്നരലക്ഷത്തോളം ലീറ്റർ പാലാണ് കർണാടകത്തിൽ നിന്നു മാത്രം മിൽമ വാങ്ങുന്നത്.
നിലവിൽ ഒരു ലീറ്റർ പാൽ കർണാടകയിൽ നിന്ന് 38 രൂപയ്ക്കാണ് എത്തിക്കുന്നത്. വിലവർധനയോടെ ചെലവ് 42 രൂപയാകും. ശരാശരി 1.8 കോടി രൂപ മിൽമയ്ക്ക് പ്രതിമാസം അധികമായി ചെലവാക്കേണ്ടി വരും. കേരളത്തിൽ നിന്നു സംഭരിക്കുമ്പോഴുള്ള ചെലവ് വരില്ലെങ്കിലും അധികത്തുക ചെലവാകുന്നതു ലാഭത്തെ ബാധിക്കും. കേരളത്തിൽ പാൽ സംഭരിക്കാൻ ലീറ്ററിന് 46.50 രൂപയാണു ശരാശരി ചെലവു കണക്കാക്കുന്നത്.
വേനൽക്കാലത്ത് കേരളത്തിൽ ഉൽപാദനം കുറഞ്ഞതോടെ കർണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് ഏഴരലക്ഷത്തോളം ലീറ്റർ പാലാണു പ്രതിദിനം കേരളത്തിലേക്ക് എത്തിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം മേഖല യൂണിയനുകൾക്ക് ആവശ്യമായ പാൽ വേണമെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു വരണമെന്നാണ് അവസ്ഥ. മലപ്പുറത്തെ പാൽപൊടി നിർമാണ യൂണിറ്റിനും പ്രതിദിനം വേണ്ട ഒരു ലക്ഷം ലീറ്റർ പുറമേ നിന്ന് കൊണ്ടുവരണം.