കേരള വികസനമാതൃകയിൽ വൈരുധ്യമെന്ന് വിമർശനം; സ്വകാര്യ പങ്കാളിത്ത നിലപാട് കേന്ദ്രനയത്തിനു സമാനമെന്ന് ആരോപണം

Mail This Article
മധുര∙ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ പുതിയ വികസന നിലപാട് പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്നതാണോയെന്ന ചോദ്യത്തിനു മുന്നിൽ ഉത്തരംമുട്ടി സിപിഎം കേന്ദ്ര നേതൃത്വം. കരട് രാഷ്ട്രീയ പ്രമേയം കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന സാഹചര്യത്തിലാണു ചോദ്യം പ്രസക്തമാകുന്നത്. കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചർച്ചയിൽ ആന്ധ്രയിൽ നിന്നുള്ള പ്രതിനിധിയാണു വികസന കാഴ്ചപ്പാടിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയത്. സമ്മേളന നടപടികൾ മാധ്യമങ്ങളോടു വിശദീകരിക്കാനെത്തിയ പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീമിനും തൃപ്തികരമായ വിശദീകരണം നൽകാനായില്ല.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്തു സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക, ആരോഗ്യ രംഗത്തു പൊതുസ്വകാര്യ പങ്കാളിത്തം നടപ്പാക്കുക, അധിക വിഭവ സമാഹരണത്തിന് സെസും ഫീസും കൂട്ടുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയതാണു നവകേരള ബദൽ. കേന്ദ്ര സർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരെ രാഷ്ട്രീയ പ്രമേയം ശക്തമായ നിലപാടു സ്വീകരിക്കുകയും ചെയ്യുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണം വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കിനു കാരണമാകുന്നുവെന്നാണു രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. ബിജെപിയുടെ സ്വകാര്യവൽക്കരണ നയത്തെ എതിർക്കുമ്പോൾത്തന്നെ കേരളത്തിൽ പൊതുമേഖലയുടെ നവീകരണത്തിനും ഉന്നത വിദ്യാഭ്യാസ രംഗത്തും സ്വകാര്യ പങ്കാളിത്തമാകാമെന്നാണു നവകേരള രേഖ നിർദേശിക്കുന്നത്.
ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ആപ്പിളിനെയും ഓറഞ്ചിനെയും താരതമ്യം ചെയ്യേണ്ടെന്ന മറുപടിയായിരുന്നു മുഹമ്മദ് സലീമിന്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതു പോലെയല്ല, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രനയങ്ങൾക്കു ബദലെന്ന തരത്തിൽ സിപിഎം അവതരിപ്പിക്കുന്ന കേരള വികസന മാതൃക സംശയ നിഴലിലായെങ്കിലും ആ മാതൃക സംരക്ഷിക്കപ്പെടണമെന്ന പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിക്കുകയും ചെയ്തു.