ശബരി റെയിൽ: ത്രികക്ഷി കരാറിൽ ‘ഒളിച്ചു കളിച്ച് ’ കേരളം

Mail This Article
തിരുവനന്തപുരം ∙ അങ്കമാലി–എരുമേലി ശബരി റെയിൽപാത വിഷയത്തിൽ കേരളം ത്രികക്ഷി കരാറിൽ ഒപ്പുവയ്ക്കുന്നതിൽ മറുപടി നൽകിയില്ലെന്നു കേന്ദ്രത്തിന്റെ ആരോപണത്തിനു മുന്നിൽ ‘ഒളിച്ചു കളിച്ച്’ കേരളം. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തില്ലെന്ന ഉപാധിയിൽ പദ്ധതിയുടെ പകുതി ചെലവു വഹിക്കാമെന്ന നിലപാടാണു കേരളം ആവർത്തിക്കുന്നത്. ത്രികക്ഷി കരാറിൽ ഒപ്പിടാനില്ലെന്ന തീരുമാനം കേരളം ഇതുവരെ കേന്ദ്രത്തെ അറിയിച്ചിട്ടില്ല.
2024 ഒക്ടോബറിൽ മുഖ്യമന്ത്രിയും മന്ത്രി വി.അബ്ദുറഹിമാനും ഡൽഹിയിൽ റെയിൽവേ മന്ത്രിയെ കണ്ടപ്പോഴാണു മഹാരാഷ്ട്ര മാതൃകയിൽ റിസർവ് ബാങ്കിനെയും റെയിൽവേ മന്ത്രാലയത്തെയും ചേർത്തു സംസ്ഥാനം ത്രികക്ഷി കരാർ ഒപ്പു വയ്ക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടത്.2025 ജനുവരിയിൽ കരാറിൽ ഒപ്പിടാനില്ലെന്നു കേരളം തീരുമാനിച്ചു. ഡൽഹിയിൽ പോയി റെയിൽവേ മന്ത്രിയെ ഇക്കാര്യം ധരിപ്പിക്കുമെന്നു പറഞ്ഞ മന്ത്രി വി.അബ്ദുറഹിമാൻ പിന്നീട് കേന്ദ്രമന്ത്രിയെ കണ്ടിട്ടില്ല. കേന്ദ്രത്തിന് മറുപടി നൽകിയില്ലെന്ന വാദം തെറ്റാണെന്നാണ് മന്ത്രി വി.അബ്ദുറഹിമാൻ പറയുന്നത്.3,810 കോടി രൂപയാണു പദ്ധതി ചെലവ്. ഇതിന്റെ പകുതി 1,905 കോടി രൂപ സമാഹരിക്കാൻ ശബരിമല തീർഥാടകർ കൂടുതലുള്ള അയൽസംസ്ഥാനങ്ങളെ വരെ ആശ്രയിക്കാമെങ്കിലും അത്തരം നീക്കങ്ങൾ ഒന്നുമില്ല.