കടൽ മണൽ ഖനനം വേണ്ടെന്ന് സിപിഎം

Mail This Article
മധുര ∙ കേരളത്തിലെ കടലിൽ നിന്നു മണൽ ഖനനം ചെയ്യാനുള്ള പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നു സിപിഎം പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. മത്സ്യക്കലവറയായ കൊല്ലം പരപ്പിൽ നിന്നു മണൽ ഖനനം ചെയ്യാനുള്ള പദ്ധതി ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്കു സംവരണം നടപ്പാക്കണമെന്നും പ്രമേയം പാസാക്കി. തൊഴിൽ സംവരണം വിവേചനത്തിന് എതിരായ നിലപാടാണെന്നു പ്രമേയം അവതരിപ്പിച്ച പിബി അംഗം രാമചന്ദ്ര ഡോം പറഞ്ഞു.
പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം പിൻവലിക്കണം. ഭരണഘടനയ്ക്കും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും എതിരായ കടന്നാക്രമണമാണു നിയമമെന്ന് പ്രമേയം അവതരിപ്പിച്ച എളമരം കരീം പറഞ്ഞു.
മറ്റു പ്രമേയങ്ങൾ:
∙ വൈദ്യുത മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കണം.
∙ ലഹരിക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കണം.
∙ ജമ്മു –കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം.