ADVERTISEMENT

റാന്നി ∙ താലൂക്ക് ആശുപത്രിയിൽ തുന്നിക്കെട്ടിയ മുറിവിൽ നിന്ന് ഉറുമ്പുകളെ കണ്ടെത്തി. പരുക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ റാന്നി ബ്ലോക്കുപടി മൂഴിക്കൽ സുനിൽ ഏബ്രഹാമിന്റെ (52) നെറ്റിയിൽ തുന്നിക്കെട്ടിയ മുറിവിൽ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയത്. മൂന്നര മണിക്കൂറിനു ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി മുറിവ് അഴിച്ച് ഉറുമ്പുകളെ നീക്കംചെയ്ത് വീണ്ടും തുന്നലിട്ടു.

ഞായറാഴ്ച വൈകിട്ട് 7ന് ആണ് വാഹനം ഓടിക്കുന്നതിനിടെ രക്ത സമ്മർദം കുറഞ്ഞ് സുനിലിന്റെ നെറ്റി സ്റ്റിയറിങ്ങിൽ ഇടിച്ചാണു മുറിവുണ്ടായത്. മുറിവുമായി വാഹനത്തിലിരുന്ന സുനിലിനെ ഇതുവഴിയെത്തിയ ആളുകളാണ് റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. മുറിവ് പരിശോധിച്ചശേഷം 5 തുന്നലിട്ട് മരുന്നും വച്ച് വിട്ടു. വീട്ടിലെത്തിയപ്പോൾ മുറിവിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനാൽ രാത്രി പത്തരയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി. അവിടെ നടത്തിയ സ്കാനിങ്ങിലാണ് ഉറുമ്പുകളെ മുറിവിൽ കണ്ടതെന്നു സുനിൽ ഏബ്രഹാം പറഞ്ഞു. തുടർന്ന് മുറിവ് അഴിച്ച് വീണ്ടും തുന്നലിട്ടു. ആശുപത്രിയിൽ വിശ്രമിച്ച ശേഷം പുലർച്ചെ ഒന്നരയോടെയാണ് മടങ്ങിയത്.

അടുത്ത ദിവസം ഇഎൻടി ഡോക്ടറെ കാണാൻ വീണ്ടും താലൂക്ക് ആശുപത്രിയിലെത്തി. സൂപ്രണ്ടിനെ കാണാൻ കഴിഞ്ഞില്ല. ചുമതലയുള്ള ഡോക്ടറെ കണ്ട് പരാതി അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രിക്കു രേഖാമൂലം പരാതി നൽകുമെന്നും സുനിൽ പറഞ്ഞു. എന്നാൽ സംഭവത്തെപ്പറ്റി രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവം ശ്രദ്ധയിൽപെട്ടപ്പോൾ  തന്നെ അന്വേഷണം ആരംഭിച്ചെന്നും റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ലിൻഡ ജേക്കബ് പറഞ്ഞു.

സംഭവത്തിൽ പൊതുപ്രവർത്തകൻ കുളത്തൂർ ജയ്സിങ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കു പരാതി നൽകി. മുറിവ് തുന്നിക്കെട്ടിയ ഡോക്ടറെ രക്ഷിക്കാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉറുമ്പുകളെ കണ്ട കാര്യം മറച്ചുവച്ച് ഏതോ വസ്തു മുറിവിൽ ഉണ്ടായിരുന്നെന്നാണ് എഴുതിയതെന്ന് പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് അഡിഷനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് ഉറപ്പു ലഭിച്ചതായും ജയ്സിങ് പറഞ്ഞു.

English Summary:

Medical Negligence: Medical negligence allegations at Ranni Taluk Hospital in Kerala after ants were found in a patient's stitched wound. The patient, Sunil Abraham, had to undergo a second surgery at another hospital to remove the ants and restitch the wound, highlighting serious concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com