അലന് ഇന്നു നാട് വിട ചൊല്ലും; ആനകൾ ഇറങ്ങിയത് അറിഞ്ഞില്ലെന്ന് വനംവകുപ്പ്

Mail This Article
പാലക്കാട് ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവാവു കൊല്ലപ്പെട്ട ദിവസം ആനയിറങ്ങിയതായി വനം ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചില്ലെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ മന്ത്രിക്കു റിപ്പോർട്ട് നൽകി. ആന വന്നാൽ അറിയാനുള്ള ഓട്ടമാറ്റിക് സംവിധാനം ഇവിടെയില്ല. വനം ജീവനക്കാരോ പ്രദേശവാസികളോ ആണ് വിവരം അറിയിക്കാറ്.
കൊല്ലപ്പെട്ട കയറംകോടം കണ്ണാടൻചോല കുളത്തിങ്കൽ അലൻ ജോസഫിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൈലംപുള്ളി ചർച്ച് ഓഫ് ഗോഡ് ഇന്ത്യ പള്ളി സെമിത്തേരിയിൽ നടക്കും. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 8നു വീട്ടിലെത്തിക്കും. അലന്റെ അമ്മ വിജി (45) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അലനെ അവസാനമായി കാണാൻ അമ്മ വിജിയെ ഇന്നു വീട്ടിൽ എത്തിക്കാനായി കുടംബാംഗങ്ങൾ ശ്രമിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രി എട്ടോടെയാണ് ആനയുടെ ആക്രമണത്തിൽ അലൻ കൊല്ലപ്പെട്ടത്. പുതുപ്പരിയാരത്തുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ വീടിന് 100 മീറ്റർ അകലെയായിരുന്നു ആനയുടെ ആക്രമണം. അലന്റെ കുടുംബത്തിന് 6 ലക്ഷം രൂപയുടെ സഹായധനം എ.പ്രഭാകരൻ എംഎൽഎ കൈമാറി.