നവകേരളകടം: സംസ്ഥാനത്തിന്റെ കടം 6 ലക്ഷം കോടിയിലേക്ക്

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ആകെ കടം 6 ലക്ഷം കോടിയിലേക്കു കുതിക്കുന്നു. കഴിഞ്ഞ ജനുവരിയിലെ കണക്കു പ്രകാരം കടം 4.22 ലക്ഷം കോടിയിലെത്തി. ഇൗ വർഷത്തെ കടമെടുപ്പു കൂടി പൂർത്തിയാക്കുമ്പോഴാണ് 6 ലക്ഷം കോടിയിലേക്ക് ഉയരുക. 40,000 കോടി രൂപ ഇൗ വർഷം കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇതിനു പുറമേ കിഫ്ബിയും സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയുടെ കടവും മറ്റു ബാധ്യതകളും കൂടി ഉൾപ്പെടുത്തുമ്പോഴാണു കടം 6 ലക്ഷം കോടിയിലേക്ക് ഉയരുക.
-
Also Read
ആശമാരുടെ പോരാട്ടം അധിക്ഷേപം സഹിച്ച്
2 ലക്ഷം കോടിയാണു സംസ്ഥാന സർക്കാരിന്റെ ഇൗ വർഷത്തെ ബജറ്റ്. ഇതിൽ 20% തുകയും കടമെടുപ്പു വഴിയാണു സമാഹരിക്കുക. വിപണി, നബാർഡ്, കേന്ദ്ര സർക്കാർ എന്നിവയിൽനിന്നുള്ള വായ്പകൾ, കടപ്പത്രങ്ങൾ, വെയ്സ് ആൻഡ് മീൻസ് അഡ്വാൻസുകൾ തുടങ്ങി എടുത്ത കടങ്ങൾ തിരിച്ചടയ്ക്കാനായി അര ലക്ഷം കോടിയിലേറെ രൂപ ചെലവിടേണ്ടി വരും.
2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ 1.57 ലക്ഷം കോടിയായിരുന്നു കേരളത്തിന്റെ കടം. രണ്ടാം പിണറായി സർക്കാർ ഭരണമേൽക്കുമ്പോൾ ഇത് 2.96 ലക്ഷം കോടിയായി.
കടം പെരുകുന്നതിൽ അപകടമില്ലെന്നും വികസനത്തിനായുള്ള കടമെടുപ്പ് എല്ലാ വികസിത രാജ്യങ്ങളും ഉപയോഗിക്കുന്ന മാർഗമാണെന്നുമാണു സർക്കാർ വാദം. മാത്രമല്ല, കേന്ദ്രം നിർണയിച്ച പരിധി കടന്നു കടമെടുക്കാൻ കഴിയാത്തതിനാൽ കടക്കെണിയിലേക്കു സംസ്ഥാനം വീണു പോകില്ലെന്നും വിശദീകരിക്കുന്നു. എന്നാൽ, ബജറ്റിനു പുറത്ത് കിഫ്ബിയും മറ്റും വഴിയുള്ള കടമെടുപ്പ് അപകടമാണെന്നു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കടമെടുപ്പ് കേസ് വേഗത്തിലാക്കും
കടമെടുപ്പു നിയന്ത്രിക്കുന്ന കേന്ദ്ര നടപടിക്കെതിരെ കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. നിലവിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനമാണ് സംസ്ഥാനങ്ങൾക്കു കടമെടുക്കാനാകുക. വൈദ്യുതി മേഖലയിൽ സ്മാർട് മീറ്റർ നടപ്പാക്കുന്നതടക്കം കേന്ദ്രം നിർദേശിച്ച പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയാൽ അര ശതമാനം കൂടി കടമെടുക്കാം. ഇൗ നിയന്ത്രണം എടുത്ത കളയണമെന്ന കേരളത്തിന്റെ ആവശ്യത്തിൻമേൽ പിണറായി സർക്കാരിന്റെ കാലാവധി കഴിയുന്നതിനു മുൻപു തന്നെ വിധി സമ്പാദിക്കാനാണു നീക്കം.